ഇന്ത്യയിലെത്തിയ റഷ്യന്‍ ടൂറിസ്റ്റിന് എടിഎം പണികൊടുത്തു; ക്ഷേത്ര നടയില്‍ ഭിക്ഷ യാചിച്ച വിദേശിക്ക് സഹായവുമായി സുഷമസ്വരാജ്

ചൈന്നൈ: എ.ടി.എം കാര്‍ഡ് ബ്ലോക്കായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ക്ഷേത്രനടയില്‍ ഭിക്ഷ യാചിച്ച് റഷ്യന്‍ യുവാവ്. റഷ്യയില്‍ നിന്നും ഇന്ത്യയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഇവാഞ്ചിലിന്‍ എന്നയാളാണ് ഗത്യന്തരമില്ലാതെ ചെന്നൈയിലെ ശ്രീ കുമാരകോട്ടം ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷയിരുന്നത്.സംഭവം പുറം ലോകം അറിഞ്ഞതോടെ ഇയാള്‍ക്ക് സഹായ വാഗ്ദാനവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രംഗത്തെത്തിയിട്ടുണ്ട്.

സെപ്തംബര്‍ 24-നാണ് ഇവാഞ്ചലിന്‍ ചെന്നൈയിലെത്തിയത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്ത ഇയാള്‍ ചൊവ്വാഴ്ച ചെന്നൈയില്‍ നിന്നും കാഞ്ചീപുരത്തെത്തി. പണം പിന്‍വലിക്കാനായി കാഞ്ചീപുരത്തെ എ.ടി.എം കൗണ്ടറിലെത്തിയെങ്കിലും പിന്‍ നമ്പര്‍ ലോക്ക് ആയതിനെ തുടര്‍ന്ന് പണമെടുക്കാനായില്ല. മറ്റാരോടെങ്കിലും സഹായമഭ്യര്‍ത്ഥിക്കാന്‍ ഭാഷയും വശമില്ലാതിരുന്ന ഇവാഞ്ചലിന്‍ ശരിക്കും പെട്ടു. മറ്റ് വഴികളൊന്നും കാണാതെ വന്നതോടെയാണ് ഇവാഞ്ചലിന്‍ ക്ഷേത്രനടയില്‍ ഭിക്ഷയിരിക്കാന്‍ തീരുമാനിച്ചത്.

ചെവ്വാഴ്ചയാണ് ഇവാഞ്ചലിന്‍ ക്ഷേത്ര നടയില്‍ ഭിക്ഷയാചിക്കുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. ഇതെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്റെ ചിത്രം വൈറലാകുകയായിരുന്നു.

ഇവാഞ്ചലിന്റെ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനു പിന്നാലെയാണ് സഹായ വാഗ്ദാനവുമായി കേന്ര വിദേശകാര്യ സഹമന്ത്രി സഹായ ഹസ്തവുമായി രംഗത്തെത്തിയത്. റഷ്യ എക്കാലവും തങ്ങളുടെ സുഹൃത്താണ്, നിങ്ങളെ ചെന്നൈയിലുള്ള തങ്ങളുടെ ഉദ്യോഗസ്ഥര്‍ സഹായിക്കുമെന്നായിരുന്നു സുഷമയുടെ ട്വീറ്റ്. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഇവാഞ്ചലിനെ ശിവകാശി പോലീസ് ചെന്നൈയിലെത്തിക്കുകയായിരുന്നു. ഇവാഞ്ചലിന്റെ യാത്ര രേഖകളൊക്കെ പരിശോധിച്ചിരുന്നു. ചെന്നൈയില്‍ നിന്നും ദില്ലി എംബസിയെ ബന്ധപ്പെടാനും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.