‘ഉദാഹരണം സുജാത’ ഒരു സ്ത്രീ പക്ഷ സിനിമയോ…?

സുധീര്‍ മുഖശ്രീ (നിര്‍മാതാവ്/സംവിധായകന്‍)

ബോക്‌സ് ഓഫീസില്‍ വിജയം കൊയ്ത ചില സിനിമകള്‍ പിന്നീട് പല ഭാഷകളിലും അല്‍പസ്വല്‍പം രൂപ ഭാവ രാഗ മാറ്റത്തോടെ അല്ലെങ്കില്‍ അതിന്റെ മൂലരൂപ തനിയാവര്‍ത്തനത്തോടെ തന്നെ തിരശീലയിലെ വെള്ളി വെളിച്ചത്തിലേയ്ക്ക് പുനര്‍ജനിച്ചിട്ടുണ്ട്. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്ത് അമല പോള്‍ പ്രധാന വേഷം ചെയ്ത 2016 ജൂണ്‍ 24 ന് റിലീസ് ചെയ്ത ‘അമ്മ കണക്ക്’ എന്ന തമിഴ് ചിത്രത്തിനും ‘ഉദാഹരണം സുജാത’യിലൂടെ ഒരു പുനര്‍ജ്ജന്മം കിട്ടിയിരിക്കുന്നു എന്നുവേണം പറയാന്‍. (സുരഭിയ്ക്ക് ദേശീയഅവാര്‍ഡ് നേടിക്കൊടുത്ത ‘മിന്നാമിനുങ്ങും’ ‘അമ്മ കണക്ക്’ എന്ന സിനിമയുടെ പരിച്ഛേദമാണ്). പക്ഷെ ഇതിനൊരു പ്രത്യേകതയുണ്ട്. കഥയിലും കഥാപാത്രത്തിലുമൊക്കെ ഒരു തരിമ്പും വ്യത്യാസമില്ലാതിരുന്നിട്ടുകൂടി ഒരു തമിഴ് മുന്ജന്മത്തിലെ അനുഷ്ടാനങ്ങളും സൂക്ഷ്മ ഭാവങ്ങളും മലയാളി പ്രേക്ഷകന് ഒട്ടും അനുഭവപ്പെടുന്നില്ലായെന്ന് ഇതിന്റെ പുതുമുഖ സംവിധായകനായ ശ്രീ ഫാന്റം പ്രവീണ്‍ കാട്ടിത്തരുമ്പോള്‍ തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ കൈയൊപ്പായിത്തന്നെ നമ്മുടെ മനസ്സില്‍ പതിയുന്നത് നിസ്സാരകാര്യമല്ല.

ഇതൊരു സ്ത്രീപക്ഷ സിനിമയല്ലേ? ഉത്തരം അതേ എന്ന് ലളിതമാവുമ്പോള്‍ ഇതിലെ സുജാത എന്ന സ്ത്രീയിലൂടെ സംവിധായകന്‍ നമുക്ക് പരിചയപ്പെടുത്തുന്നത് അതുമാത്രമല്ല. സുജാതയിലൂടെ ഇതള്‍വിരിയുന്നത് ഓരോ ശരാശരി കുടുംബത്തിന്റെയും ജീവസന്ധാരണപ്രക്രിയയുടെ അധികമാരും അറിയാത്ത പെടാപ്പെടലുകളും ആത്മനൊമ്പരങ്ങളും കൂടിയാണ്.

ചിത്രത്തിന്റെ തുടക്കംമുതല്‍തന്നെ നമ്മുടെ അല്ലെങ്കില്‍ നമുക്ക് പരിചിതമായ ചിലരുടെയൊക്കെ മുഖരൂപങ്ങള്‍ ഇതിലെ പല കഥാപാത്രങ്ങളുമായും സാദൃശ്യമുണ്ടാവുമ്പോള്‍ അത് തീര്‍ച്ചയായും നമ്മുടെ മനസ്സില്‍ വല്ലാതെ അനുരണനങ്ങള്‍ സൃഷ്ടിക്കുക സ്വാഭാവികം. ഈ സ്വാഭാവികതയാണ് ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷരുടെ നെഞ്ചിടിപ്പ് പലപ്പോഴും കൂട്ടിയതും മിഴി നനയിപ്പിച്ചതും ഒപ്പം മനസ്സറിഞ്ഞും അറിയാതേയും ചിരിപ്പിച്ചതും. ശക്തമായ തിരക്കഥയുടെ ഒരടയാളപ്പെടുത്തലാണ് ഇതെന്ന് പറയേണ്ടതില്ലല്ലോ. സെന്റിമെന്‍ഡ്സിന് പ്രാധാന്യം കൊടുത്തുകൊണ്ട് നിര്‍മിക്കുന്ന ഏതൊരു സിനിമയുടേയും ട്രീറ്റ്‌മെന്റില്‍ അല്പം കോമഡിയുടെ തൂവല്‍സ്പര്ശമേല്ക്കുമ്പോള്‍ അതിന്റെ പ്രഹരശേഷി പതിന്മടങ് വര്‍ധിക്കും എന്നതിന് നല്ലൊരുദാഹരണമാണ് ഈ ചിത്രം.

അകാലത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട സുജാതയുടെ ഒരേഒരു സ്വപ്നവും ഉല്‍ക്കണ്ഠയും തന്‌ടെ പത്താം ക്ലാസുകാരിയായ മകളിലാണ്. എത്ര കഷ്ടപ്പെട്ടിട്ടായാലും മകളെ ഏറ്റവും ഉന്നത സ്ഥാനത്ത് എത്തിക്കുക എന്നതുതന്നെയാണ് 9-ആം ക്ലാസ്സ് വിദ്യാഭ്യാസംമാത്രം കൈമുതലായ ആ അമ്മയുടെ ലക്ഷ്യം. മകളാവട്ടെ പഠിത്തത്തില്‍ അല്പം പിറകിലുമാണ്. അമ്മയും മകളും തമ്മിലുള്ള പൊരുത്തക്കേടിലൂടെ മൊട്ടിടുന്ന കഥ പ്രേക്ഷകരെ പലപ്പോഴും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിതന്നെയാണ് വിരിയാന്‍ തുടങ്ങുന്നതും അവസാനം പതിവുരീതിയില്‍ ശുഭപര്യവസാനമാകുന്നതും. പക്ഷെ ഒന്ന് പറയാതിരിക്കാനാവില്ല. ക്‌ളീഷേയുടെ അതിപ്രസരം ഒരുപാട് അനുഭവപ്പെടാനുണ്ടായിരുന്നിട്ടും തികച്ചും കൈയടക്കത്തോടെ അതൊക്കെ മറികടന്ന് ഒരു പുത്തന്‍ ആസ്വാദന ചിന്തയുടെ മഴവില്‍ക്കാഴ്ചകള്‍ പ്രേക്ഷകരില്‍ വിരിയിക്കാന്‍ ഇതിന്റെ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞു എന്നത് ഒട്ടും നിസ്സാരകാര്യമല്ല. എഡിറ്റിംഗിന്റെ താളാന്മകതയ്ക്ക് സിനിമയില്‍ പ്രത്യേക പ്രാധാന്യമുണ്ട്. എഡിറ്റര്‍ ഒരു കലാകാരന്‍കൂടിയാകുമ്പോഴേ ഈ താളാന്മകതയുടെ അടയാളപ്പെടുത്തലുകള്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടൂ. അതിവിടെ സംഭവിച്ചുരിക്കുന്നു.

കഥാപാത്രങ്ങളുടെ രൂപഭാവത്തിനനുസൃണമായ വസ്ത്രാലങ്കാരവും കഥാസന്ദര്ഭങ്ങള്‍ക്കനുയോജ്യമായ രംഗസംജ്ജീകരണവും പശ്ചാത്തല സംഗീതവുമൊക്കെ ഏറ്റവും മികച്ചതു തന്നെ. തിയേറ്ററില്‍ നമുക്കനുഭവപ്പെടുത്തിത്തരുന്ന പാട്ടുകള്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഏറ്റു മൂളുവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമാണ്. പ്രോമോ സോങ്ങായി റിലീസ് ചെയ്ത, ജനം ഏറ്റെടുക്കാന്‍ തുടങ്ങിയ ‘കാക്കക്കറുപ്പുള്ള…. ‘എന്ന് തുടങ്ങുന്ന ഗാനം ടിവിയിലും യൂ ട്യൂബിലും ഒക്കെ ആസ്വദിക്കാനാണ് നമ്മുടെ വിധി. ഛായാഗ്രാഹണം തരക്കേടില്ലന്നേ പറയാനാവൂ. ഉപരി, മധ്യ, സാധാരണ പ്രേക്ഷകരെ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഈ സിനിമ അതുകൊണ്ടുതന്നെ പല കോംപ്രമൈസും സംവിധായകനെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. മനസ്സിനെ വിങ്ങിപ്പൊട്ടിപ്പിക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ അറിഞ്ഞും അറിയാതേയും മിന്നി മറയുന്ന ഹാസ്യ സീക്വന്‍സുകള്‍ പ്രേക്ഷകര്‍ക്ക് പുതിയൊരനുഭവമാണ്, ആശ്വാസവും. ജോജു ജോര്‍ജ് ചെയ്ത അധ്യാപകന്‍ ഏറ്റവും നല്ല ഉദാഹരണം. പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയ്ക്കും യുക്തിയ്ക്കും നിരക്കാത്ത ചില കാണാക്കാഴ്ചകളും ഇതിലുണ്ട്. ഉദാഹരണത്തിന് മകളുടെ ക്ലാസ്സില്‍ തന്നെ പഠിക്കാനെത്തുന്ന അമ്മ. മറ്റൊന്ന് കളക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ തനിച്ച് യാത്രചെയ്യുന്ന സുജാത. സിനിമയുടെ വാണിജ്യവല്‍ക്കരണത്തില്‍ പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ലല്ലോ.

സിനിമയില്‍ അഭിനയം എന്നൊന്നില്ല. കഥാപാത്രങ്ങളായി പെരുമാറുക അല്ലെങ്കില്‍ കഥാപാത്രങ്ങളുടെ ആത്മാവുമായി ഒരു പകര്‍ന്നാട്ടം നടത്തുക എന്നതുമാത്രമാണുള്ളത്. അതിസമര്‍ത്ഥമായി ഒന്നും ചെയ്യാതിരിക്കുന്ന ഒരാളാണ് ഏറ്റവും നല്ല സ്‌ക്രീന്‍ ആക്ടര്‍. ഈ സിനിമയില്‍ മഞ്ജുവും നെടുമുടി വേണുവും ജോജു ജോര്‍ജും പുതുമുഖം അനശ്വര രാജനും സുധി കോപ്പും അരിസ്റ്റോ സുരേഷും അഭിജയും എന്തിനേറെ പറയുന്നു, സ്‌കൂള്‍ കുട്ടികള്‍ പോലും അതാതു കഥാപാത്രങ്ങളുമായി സ്വാഭാവിക പകര്‍ന്നാട്ടം നടത്തിയവരാണ്. 24 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു സ്വകാര്യ സംഭാഷണത്തിനിടയ്ക്ക് ‘നാന ‘യിലെ ശ്രീമതി കുമാരിയമ്മ പറഞ്ഞ വാക്കുകള്‍ വീണ്ടും കാതിലും മനസ്സിലും തിരി തെളിക്കുകയാണ്. ‘ഒരേ നിമിഷം എത്രയെത്ര ഭാവരാഗങ്ങളാണ് ആ കുട്ടിയുടെ മുഖത്ത് മിന്നിമറയുന്നത്…’.ആ കുട്ടിയാണ് ‘ഉദാഹരണം സുജാത’ എന്ന മഞ്ജു വാര്യര്‍. തന്‌ടെ ആദ്യ സിനിമയില്‍ത്തന്നെ സംവിധാനകല എന്തെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത ശ്രീ ഫാന്റം പ്രവീണിന് ഈ ചിത്രം ഒരു ഏണിപ്പടിതന്നെ. ഒപ്പം മലയാളിയുടെ അമ്മ മനസ്സിലും നന്മ മനസ്സിലും ഒരു താരാട്ടു പാട്ടും….