‘ഇതാണ് മികച്ച സമയം എനിക്കേറ്റവും പ്രിയപ്പെട്ട ക്രിക്കറ്റിനോട് ഞാന്‍ വിട പറയുകയാണ്’; നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങുന്നു. നവംബര്‍ ഒന്നിന് ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി-ട്വന്റി മത്സരത്തിന് ശേഷമാണ് നെഹ്റ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നത്.

38-കാരനായ ആശിഷ് നെഹ്റ വിരമിക്കലിനെകുറിച്ച് നായകന്‍ വിരാട് കൊഹ്ലിയോടും, കോച്ച് രവി ശാസ്ത്രിയോടും സൂചിപ്പിച്ചതായി ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു. 2018-ല്‍ നടക്കേണ്ട ട്വന്റി-ട്വന്റി ലോകകപ്പ് 2020-ലേക്ക് ഐ.സി.സി.ഐ മാറ്റിയതോടെ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കാനാണ് നെഹ്‌റ വിരമിക്കുന്നത്.

പരിക്ക് മൂലം ദേശീയ ടീമില്‍ വന്നും പോയുമിരുന്ന നെഹ്റ 18 വര്‍ഷം മുമ്പ് നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കീഴിലാണ് അരങ്ങേറ്റം കുറിച്ചത്. കൊഹ്ലി ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ നായകന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുളള ഇന്ത്യയിലെ ഒരേയൊരു താരം എന്ന റെക്കോര്‍ഡ് നേട്ടത്തിനുടമ കൂടിയാണ് നെഹ്‌റ.

പതിനെട്ട് വര്‍ഷത്തെ കരിയറില്‍ 17 ടെസ്റ്റും 120 ഏകദിനവും, 26 ട്വന്റി-ട്വന്റിയും കളിച്ചിട്ടുള്ള നെഹ്‌റ 235 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ 44 വിക്കറ്റുകള്‍ കൊയ്ത നെഹ്‌റ, ഏകദിനത്തില്‍ 157-ഉം, ട്വന്റി-ട്വന്റിയില്‍ 34-ഉം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2003 ലോകകപ്പില്‍ ഇന്‍ഗ്ലണ്ടിനെതിരെ 6 വിക്കറ്റു നേടിയതാണ് നെഹ്‌റയുടെ മികച്ച പ്രകടനം.

ഇരുപതാം വയസ്സിലാണ് നെഹ്റ തന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിച്ചത്. 1999-ല്‍ മുഹമ്മദ് അസറുദ്ദീന്‍ കീഴില്‍ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച നെഹ്‌റ 2001-ല്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ ഏകദിനത്തില്‍ അരങ്ങേറി. 2009-ല്‍ എം.എസ്.ധോണിക്ക് കീഴില്‍ ട്വന്റി-20 ക്രിക്കറ്റിലേക്കും ചുവടുവച്ചു. ഇവരെ കൂടാതെ വിരാട് കൊഹ്ലി, രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, അനില്‍ കുംബ്ലെ എന്നിവര്‍ക്ക് കീഴിലാണ് നെഹ്റ കളിച്ചിട്ടുള്ളത്.

2003 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നെഹ്റ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യ ജേതാക്കളായ 2011ലെ ലോകകപ്പിലും ധോണിക്ക് കീഴില്‍ നെഹ്റ കളിച്ചിട്ടുണ്ട്.