നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു; ചര്‍ച്ച ഡല്‍ഹിയില്‍,സോളാര്‍ വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ വിലക്കി

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതാക്കളെ വിളിപ്പിച്ചു. കെ.പി.സി.സി. ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് നേതാക്കളെ വിളിപ്പിച്ചിരിക്കുന്നത്.

സോളാര്‍ കേസില്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കുകയും ചെയ്തു. സംഘടനാ പ്രശ്‌നം ചര്‍ച്ചചെയ്യാനാണ് വിളിപ്പിച്ചിരിക്കുന്നതെങ്കിലും സോളാര്‍ കേസ് അന്വേഷണം നേതാക്കള്‍ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യവും ആരോപണങ്ങളും ചര്‍ച്ചയില്‍ വിഷയമാകും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരെയാണ് ചര്‍ച്ചകള്‍ക്കായി രാഹുല്‍ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

വിവാദം വന്നതിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. കേരള നേതാക്കളുമായി ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും പങ്കെടുക്കും.