സോളാര്‍ റിപ്പോര്‍ട്ടില്‍ പ്രതിരോധം തീര്‍ത്ത് കോണ്‍ഗ്രസ്സ്; മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കി ആദ്യ നീക്കം

തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടുത്ത നീക്കവുമായി കോണ്‍ഗ്രസ്സ്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിനു കോണ്‍ഗ്രസ്സ് പരാതി നല്‍കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ എം.എല്‍.എയുമായ കെ.സി. ജോസഫാണ് സ്പീക്കര്‍ക്കു പരാതി നല്‍കിയത്. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പേ മുഖ്യമന്ത്രി പരസ്യപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇതിനിടെ സോളര്‍ വിഷയത്തില്‍ വിവാദക്കുരുക്കിലായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കി. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇപ്രകാരം ലഭിച്ചില്ലെങ്കില്‍ കോടതി വഴി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സോളര്‍ വിഷയത്തില്‍ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധം തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിനായി സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം വാങ്ങുക എന്നതാണ് കെ.പി.സി.സിയുടെ ആദ്യ ലക്ഷ്യം. നിയമപരമായും രാഷ്ട്രീയമായും നീങ്ങാന്‍ റിപ്പോര്‍ട്ട് ലഭിച്ചേ മതിയാകൂ. റിപ്പോര്‍ട്ട് നിയമസഭയില്‍ വരുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.