തമിഴ്‌നാട്ടില്‍ ബൈക്ക് ഡീലര്‍ പ്രഖ്യാപിച്ച ഓഫര്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ഒടുവില്‍ തടിയൂരി ഡീലര്‍

ദീപാവലിയോടനുബന്ധിച്ച് തമിഴ് നാട്ടിൽ ഓരോ സ്ഥാപനങ്ങളും ഗംഭീര ഓഫാറുകളും ആനുകൂല്യങ്ങളുമൊക്കെയായി കച്ചവടം പൊടിപൊടിക്കുകയാണ്. ഉത്സവ സീസണുകളിൽ ഓഫറുകളുടെ പെരുമഴയായിരിക്കുമെന്നു പറയാതെ തന്നെ അറിയാമല്ലോ. ഇത്തരത്തിൽ തമിഴ്‌നാട്ടിലും ഗംഭീര ഓഫറുകളുടെ പെരുമഴതന്നെയായിരുന്നു. ഓരോ സാധനങ്ങൾ വാങ്ങുമ്പോഴും സോഫ, ബെഡ്, കസേര തുടങ്ങിയ സാധനങ്ങളാണ് നഗരത്തിലെ മിക്ക കടകളും സമ്മാനമായി നൽകിയത്.

പക്ഷെ ദീപാവലി പ്രമാണിച്ചുള്ള വെടി ക്കെട്ട് ഓഫർ ഇതൊന്നുമല്ലായിരുന്നു. ശിവഗംഗ ജില്ലയിലെ ഇളയകുടി എന്നൊരു ചെറിയ ടൗണിലെ ഗായത്രി മോട്ടോര്സ് എന്ന ബൈക്ക് ഡീലർ കൊണ്ടുവന്നതായിരുന്നു ശരിക്കും തകർപ്പൻ ഓഫർ. എന്താണെന്നല്ലേ, ഗായത്രി മോട്ടോഴ്‌സ് സമ്മാനമായി നൽകിയത്. ആടിനെയായിരുന്നു. എല്ലാവരും സ്ഥിരം നൽകുന്ന ഓഫർ പ്രഖ്യാപിച്ചപ്പോൾ അൽപ്പം ‘വെറൈറ്റി’ പിടിച്ചു നോക്കിയതാണ് ഇവർ. . ആരും ഇന്ന് വരെ കൊടുത്തിട്ടില്ലാത്ത ഒരു ഓഫർ ആയതുകൊണ്ടാകാം സംഭവം നാട്ടുകാർ ഏറ്റെടുത്തു. ഒക്ടോബർ 11 മുതൽ 14 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്നതായിരുന്നു പരസ്യം.

ആടിനെ കിട്ടും എന്നറിഞ്ഞതോടെ വൻതോതിൽ കച്ചവടം പൊടിപിടിച്ചപ്പോൾ ഡീലർ വിചാരിച്ചതിനെക്കാളും വലിയ ബുക്കിങ്ങാണ് നടന്നത്. പക്ഷെ പിന്നീടാണൊരു ട്വിസ്റ്റ് ഉണ്ടായത്. ബുക്കിങ് നടന്നതനുസരിച്ച് ഇത്രയുമധികം ആടുകളെ കിട്ടാതായപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകും എന്ന അവസ്ഥ വന്നു. ഏറ്റവും ചുരുങ്ങിയത് ഒരു ആടിന് 3000 രൂപയോളം വിലവരും. പക്ഷെ പ്രശ്നം വിലയായിരുന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും അധികം ആടുകളെ എങ്ങനെ ലഭ്യമാക്കും എന്നതായിരുന്നു. അവസാനം ഡീലർ തന്നെ ഓഫർ പുൻവലിച്ച് തടിയൂരി. ചുരുക്കം പറഞ്ഞാൽ ആടിനെ കിട്ടുമെന്ന് കരുതി ആരും ഇനി തമിഴ്‌നാട്ടിലേക്ക് വണ്ടി പിടിക്കേണ്ടെന്ന് സാരം.