ഹിമാചല്‍പ്രദേശ് തെഞ്ഞെടുപ്പ് നവംബര്‍ 9-ന് ;ഗുജറാത്തില്‍ പ്രഖ്യാപനം പിന്നീട്; ഡിസംബര്‍ 18ന് വോട്ടെണ്ണല്‍

ന്യുഡല്‍ഹി:ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പതിനാണ് ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി ഡല്‍ഹിയിലാണ് പ്രഖ്യാപനം നടത്തിയത്. രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 18-നാണ് നടക്കുക.

68 അംഗ ഹിമാചല്‍ നിയമസഭയുടെ കാലാവധി ജനുവരി 7-ന് അവസാനിക്കും.
ഹിമാചല്‍, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ഡിസംബര്‍ 18ന് മുന്‍പ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായി വിവി പാറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
.
68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി. വീര്‍ഭദ്ര സിങ് ആണ് മുഖ്യമന്ത്രി. പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയും ഭരണ കക്ഷിയായ കോണ്‍ഗ്രസും തമ്മിലാണ് ഇത്തവണയും പോരാട്ടം നടക്കുക.