കൗമാരക്കാര്‍ മാത്രമല്ല, ഞങ്ങളും മികച്ചവരാണ്; മക്കാവുവിനെ തകര്‍ത്ത് ഏഷ്യകപ്പ് യോഗ്യത നേടി ഇന്ത്യ
ബെംഗളുരു: സ്വന്തം നാട്ടില്‍ നടക്കുന്ന അണ്ടര്‍-17 ലോകകപ്പില്‍ കൗമാരപ്പട കത്തിക്കയറുമ്പോള്‍ തങ്ങളും തീരെ മോശമല്ലെന്ന് തെളിയിക്കണ്ടേ. ഗോള്‍ വര്‍ഷത്തോടെ മക്കാവോയെ 4-1ന് തകര്‍ത്ത് ഏഷ്യാകപ്പിന് യോഗ്യത തേടി ഇന്ത്യന്‍ സീനിയര്‍ ടീം തങ്ങളും തീരെ മോശമല്ല എന്ന് തെളിയിച്ചു. നാല് കളികളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായാണ് ഇന്ത്യയുടെ ഏഷ്യാകപ്പ് പ്രവേശം.
ബംഗളൂരുവില്‍ നടന്ന കളിയില്‍ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ ഏറെ പിന്നിലുള്ള മക്കാവു ആയിരുന്നു ഇന്ത്യയുടെ എതിരാളികള്‍. കളിയുടെ ആദ്യ മിനുട്ടു മുതല്‍ ആക്രമണ ഫുട്ബോളാണ് ഇന്ത്യ കാഴ്ച വച്ചത്. സാധാരണ ഇന്ത്യന്‍ ടീം ആക്രമിച്ചു കളിക്കുന്നത് വളരെക്കുറവാണ്. ലോങ്ങ് ബോളുകളിലൂടെ കളിക്കുന്ന ഇന്ത്യ ശൈലി മാറ്റിപ്പിടിച്ചു. വേഗതയിലുള്ള പാസ്സിങ്ങും, വണ്‍ ടച്ച് പാസിങ്ങിലൂടെയും തന്ത്രങ്ങളൊരുക്കി ഇന്ത്യ എതിരാളികളെ വെള്ളം കുടിപ്പിച്ചു. ഒടുവില്‍ റൗളിന് ബോര്ഗാസിലൂടെ ഇന്ത്യ ആദ്യ ഗോളടിച്ചു.
പക്ഷെ സന്തോഷം അധിക സമയം നീളുന്നതിനു മുന്‍പേ മക്കാവു തിരിച്ചടിച്ചു. അതും ഉഗ്രനൊരു ഹെഡറിലൂടെ. പക്ഷെ രണ്ടാം പകുതിയിലായിരുന്നു ഇന്ത്യ വിശ്വരൂപം പുറത്തെടുത്തത്.
മികച്ച ഒത്തിണക്കത്തോടെ കളിച്ച ഇന്ത്യയുടെ നിരന്തര ശ്രമങ്ങള്‍ക്ക് ഫലമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ മടക്കി.മുന്നിലായിട്ടും ഗോള്‍ ദാഹം നിര്‍ത്താന്‍ ഭാവമില്ലാതെ ഇന്ത്യ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയപ്പോള്‍ മുന്നേറ്റ താരം ജെജെയും ഇന്ത്യക്കായി വലകുലുക്കി. ഒരെണ്ണം സെല്‍ഫ് ഗോളായികിട്ടിയപ്പോള് ഗോള്‍ പട്ടിക പൂര്‍ണം4-1 ന്റെ ആധികാരിക ജയവുമായി ഇന്ത്യ ഏഷ്യാകപ്പിലേക്ക് യോഗ്യത നേടി.
ഇനി ഏഷ്യയിലെ മികച്ച ടീമുകള്‍ക്ക് നേരെയാണ് ഇന്ത്യ കളിക്കുന്നത്. നാല് തവണ മാത്രമാണ് ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് യോഗ്യത ലഭിച്ചിട്ടുള്ളത്. 2011ലാണ് ഇന്ത്യ അവസാനമായി ഏഷ്യകപ്പ് കളിച്ചത്.