വിടവാങ്ങിയത് റിയാദിന്റെ സാംസ്‌കാരിക മുഖം

കഴിഞ്ഞദിവസം അന്തരിച്ച നവോദയ ആക്ടിങ് പ്രസിഡണ്ട് അഹമ്മദ് മേലാറ്റൂര്‍ റിയാദിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ഒന്നര പതിറ്റാണ്ടോളം സാംസ്‌കാരിക-രാഷ്ട്രീയ വേദികളില്‍ പ്രഭാഷകനായും സംഘടകനായും ശ്രദ്ധിക്കപ്പെട്ടിരുന്ന അഹമ്മദ് പരന്ന വായനയും അറിവും ഉണ്ടായിരുന്ന വ്യക്തിയാണ്. വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളാണ് അദ്ദേഹം ഉയര്‍ത്തിപിടിച്ചിരുന്നത്. തുടക്കത്തില്‍ സാംസ്‌കാരിക സംഘടനായ റിഫയുടെ അംഗമായിരുന്ന അഹ്മദിന്റെ മുന്‍കൈയില്‍ ശ്രദ്ധേയമായ ‘വായനാമത്സരങ്ങള്‍’ സൗദി വ്യാപകമായി സംഘടിപ്പിക്കുകയും ഏറെ പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് റിയാദിലെ സി പി എം അനുകൂല രാഷ്ട്രീയ സംഘടനായ നവോദയയുടെ നേതൃനിരയിലെത്തിയതോടെ വ്യത്യസ്ത വേദികളില്‍ ഒരേ സമയം സാംസ്‌കാരിക പ്രവര്‍ത്തകനായും ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായും അഹമ്മദ് ശ്രദ്ധിക്കപ്പെട്ടു. അനായാസലളിതമായി കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാനുള്ള അഹമ്മദിന്റെ കഴിവിനെ രാഷ്ട്രീയ എതിരാളികള്‍പോലും അംഗീകരിച്ചിരുന്നു.

അഹമ്മദിന്റെ നേതൃത്വത്തില്‍ എണ്ണമറ്റ സാംസ്‌കാരിക പരിപാടികളാണ് റിയാദില്‍ നടന്നിട്ടുള്ളത്. കവിയരങ്ങുകള്‍, സാംസ്‌കാരിക നായകരുടെ അനുസ്മരങ്ങള്‍, കഥാചര്‍ച്ചകള്‍, രാഷ്ട്രീയ സംവാദങ്ങള്‍, കാലിക പ്രസക്തങ്ങളായ വിഷയങ്ങളില്‍മേലുള്ള സെമിനാറുകള്‍തുടങ്ങി അടുത്ത നാളുകളില്‍ റോഹിന്‍കി അഭയാര്‍ത്ഥി വിഷയത്തിലും ഗൗരി ലങ്കേഷിന്റെ വധത്തിനെതിരെ പ്രതിഷേധയോഗത്തിനും നവോദയയുടെ ബാനറില്‍ മുന്‍കൈയെടുത്തത് അഹമ്മദ് മേലാറ്റൂരായിരുന്നു. നവോദയയുടെ ഏറ്റവും അടുത്തുനടന്ന വോളിബാള്‍ ടൂര്‍ണമെന്റ്, ഈദ് ഓണം സംഗമം തുടങ്ങിയ പരിപാടികളിലും നവോദയ ആക്റ്റിംഗ് പ്രസിഡണ്ട് എന്ന നിലയില്‍ പ്രധാന സംഘടകനായിരുന്നു അഹമ്മദ്. അഹമ്മദിന്റെ ഭാര്യ നിഷ എന്നുവിളിക്കുന്ന ഖമറുന്നിസ അഹമ്മദ് നവോദയ കുടുംബവേദിയുടെ ഭാരവാഹിയാണ്. 5 വര്‍ഷം നവോദയ സാംസ്‌കാരിക കമ്മിറ്റി കണ്‍വീനറായിരുന്ന അദ്ദേഹം സംഘടനയുടെ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ആക്ടിങ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

എല്ലാവരോടും സൗമ്യമായി പെരുമാറുമ്പോഴും തന്റെ നിലപാടുകള്‍ മുഖംനോക്കാതെ ഉറപ്പിച്ചു പ്രഖ്യാപിക്കുന്നതിന് ഒരു മടിയും അഹമ്മദ് കാട്ടിയിരുന്നില്ല. സോഷ്യല്‍ സൈറ്റുകളില്‍ വര്‍ഗ്ഗീയതക്കെതിരെ അതിശക്തമായ നിലപാടും അഹമ്മദ് കൈകൊണ്ടിരുന്നു.

പ്രവാസ ലോകത്ത് സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലത്തില്‍ വളരെ സജീവമായിരുന്ന അഹമ്മദിന്റെ നിര്യാണം ഇനിയും ഉള്‍കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് റിയാദില്‍ സാംസ്‌കാരിക മണ്ഡലം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഗായകന്‍ പ്രമോദ് കണ്ണൂര്‍, മുന്‍കാല കോണ്‍ഗ്രസ്സ് നേതാവ് സാം മാത്യു, ഇപ്പോള്‍ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഹമ്മദ് മേലാറ്റൂര്‍, തുടരെ തുടരെ പൊതുപ്രവര്‍ത്തന രംഗത്തുള്ളവരെ വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് റിയാദിലെ പൊതുസമൂഹം.