മൂന്ന് വയസ്സുകാരനെ ചോളക്കാട്ടില്‍ വിട്ട് മാതാപിതാക്കള്‍ക്ക് രാത്രി മുഴുവന്‍ സുഖനിദ്ര!

പി.പി. ചെറിയാന്‍

വെസ്റ്റ് ജോര്‍ഡാന്‍ (യൂട്ട): വെസ്റ്റ് ജോര്‍ഡാനിലെ (യുട്ട) 9 അടി ഉയരത്തില്‍ വളര്‍്ന്ന് നില്‍ക്കുന്ന ചോള വയല്‍ സന്ദര്‍ശിക്കുന്നതിനാണ് മൂന്ന് വയസ്സുള്ള മകനേയും കൂട്ടി കുടുംബാംഗങ്ങള്‍ എത്തിയത്. വയല്‍ സന്ദര്‍ശിച്ചതിന് ശേഷം സന്ധ്യയായതോടെ എല്ലാവരും അവരവരുടെ വീട്ടിലേക്ക് തിരിച്ചു. മൂന്ന് വയസ്സുകാരന്റെ മാതാവും പിതാവും വീട്ടിലെത്തി രാത്രി ടി.വി കണ്ടിരുന്ന് ഉറങ്ങിപ്പോയി. നേരം പുലര്‍ന്നപ്പോഴാണ് മകനെ കാണാനില്ല എന്ന സത്യം മനസ്സിലാക്കിയത്.

ഒക്ടോബര്‍ 9 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ചൊവ്വാഴ്ച നേരം വെളുത്ത് ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന മാതാപിതാക്കള്‍ ഉടന്‍ വിവരം പോലീസിനെ അറിയിച്ചു.

ഇതിനിടെ ചോളവയലില്‍ നിന്നും എല്ലാവരും പുറത്തുപോയി എന്ന് ഉറപ്പു വതുത്തുന്നതിന് ജീവനക്കാര്‍ എത്തിയപ്പോഴാണ് മൂന്ന് വയസ്സ്ുകാരന്‍ ഏകനായി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടനെ പോലീസിനെ വിളിച്ചു വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വ്വീസിനെ ഏല്‍പ്പിച്ചു. രാത്രി വീട്ടിലെത്തിയ മാതാപിതാക്കള്‍ നേരം പുലര്‍ന്ന് 7.40 നാണ് മകന്‍ നഷ്ടപ്പെട്ട വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.

പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളുടെ പേരില്‍ കേസ്സെടുക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് പോലീസ് ഓഫീസേഴ്സ് അറിയിച്ചു. എന്നാല്‍ ഇതൊരു അപകടമാണെന്നായിരുന്നു മാതാവിന്റെ പ്രതികരണം.