വില്ലനായി മഴയെത്തുമെന്ന ആശങ്കയില്‍ മൂന്നാം ട്വന്റി20 ഇന്ന്; ഇരട്ട പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ, ജയം മാത്രമാണ് ലക്ഷ്യമെന്ന് ഓസിസ്
ഹൈദരാബാദ്: ഇന്ത്യഓസ്‌ട്രേലിയ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഓരോ മത്സരങ്ങള്‍ വീതം വിജയിച്ച് നില്‍ക്കുന്ന ഇരു ടീമും അവസാന മത്സരം ജയിച്ച് പരമ്പര നേടാനുറച്ചാകും ഇന്നിറങ്ങുക.
അവസാന ട്വന്റി20 യില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല എന്നാണ് ഇന്ത്യന്‍ ടീം പറയുന്നത്. ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്റി20 പരമ്പരയും തങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഇന്ത്യന്‍ ടീം പറയുന്നു.
ഏകദിന പരമ്പര നഷ്ട്ടമായ തങ്ങള്‍ ട്വന്റി20 പരമ്പര സ്വന്തമാക്കാന്‍ വേണ്ടിയാണ് കളിക്കുന്നതെന്നാണ് ഓസിസ് പറയുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസവും ഓസിസ് നിരക്കുണ്ട്.
ഇരു ടീമും വാശിയോടെ മത്സരത്തിന് തയ്യാറെടുക്കുമ്പോള്‍ മത്സരം നടക്കുന്ന ഹൈദരാബാദില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴ ഭീഷണിയാണ്.മഴ മൂലം മത്സരം തടസപ്പെട്ടാല്‍ ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ ഒലിച്ചുപോവും.
കഴിഞ്ഞ ഒരാഴ്ചയായി ഹൈദരാബാദില്‍ ദിവസേന മഴ പെയ്യുന്നുണ്ട്. മഴ പിച്ചിന്റെ സ്വഭാവത്തെയും ബാധിച്ചേക്കുമെന്ന് ക്യൂറേറ്റര്‍ എല്‍.ചന്ദ്രശേഖര്‍ പറഞ്ഞു.
പൊതുവെ വലിയ സ്‌കോറുകള്‍ പിറക്കാറുള്ള ഉപ്പല്‍ സ്റ്റേഡിയത്തില്‍ പിച്ച് ആരെ തുണയ്ക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. ബാറ്റിംഗ് പിച്ചെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുവാഹത്തിയില്‍ ഓസീസ് ബൗളര്‍മാര്‍ ഇന്ത്യയെ ചുരുട്ടിക്കെട്ടുകയായിരുന്നു.ഒരാഴ്ചയായി പെയ്യുന്ന മഴ ഔട്ട് ഫീല്‍ഡിനെയും ബാധിച്ചിട്ടുണ്ട്.