കള്ളപ്പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് കേരളത്തിലെ കര്ഷകന് കത്തയച്ചു; കണ്ടു കെട്ടിയതില്‍ അഞ്ചു ലക്ഷം രൂപ നല്‍കണമെന്നാവശ്യം
വയനാട്:അധികാരത്തിലേറിയ ശേഷം കണ്ടുകെട്ടിയ വിദേശത്തുള്ള കളളപ്പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തിലെ കര്ഷകന് കത്ത് അയച്ചു. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ വിദേശത്തുളള മുഴുവന്‍ കളളപ്പണവും കണ്ടുകെട്ടുമെന്ന് ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നു. കണ്ടുകെട്ടിയ കളളപ്പണം ജനങ്ങള്‍ക്കായി വീതിച്ചുനല്കുമെന്നതും തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി പ്രചരണായുധമാക്കിയിരുന്നു.
എന്നാല്‍ അധികാരത്തിലേറി മൂന്നു വര്‍ഷമായിട്ടും വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തിലാണ് വയനാട് സ്വദേശി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. മാനന്തവാടിയിലെ കര്‍ഷകനായ കെ.ചാത്തുവാണ്, കണ്ടുകെട്ടിയതില്‍ കുറഞ്ഞത് അഞ്ചുലക്ഷം രൂപയെങ്കിലും തന്റെ അക്കൗണ്ടില്‍ ഇടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്. കാശിനു പുറമെ, വിളനാശത്തില്‍ നിന്നും രക്ഷ നേടാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നുംചാത്തു കത്തില്‍ പറയുന്നു.
വിദേശത്തുളള കളളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം.എന്നാല്‍ മോദി സര്‍ക്കാരിന് ഈ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ല. പോരാത്തതിന് മൂന്ന് വര്‍ഷ ഭരണത്തിന് ഇടയില്‍ കര്‍ഷകരുടെ അവസ്ഥ കൂടുതല്‍ ദയീനയമായി എന്നും കത്തില്‍ വ്യക്തമാക്കുന്നു. കാര്‍ഷിക ഉല്‍പ്പനങ്ങളുടെ വിലയിടിവ് ഉള്‍പ്പെടെയുളള വിഷയങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഫെഡറല്‍ ബാങ്കില്‍ തന്റെ പേരിലുളള അക്കൗണ്ടിന്റെ വിവരങ്ങളും ചേര്‍ത്താണ് കത്ത് അയച്ചിരിക്കുന്നത്. നേരത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ സിനിമാ നടന് മമ്മൂട്ടിക്ക് എതിരെ കേസ് കൊടുത്ത് ചാത്തു വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.