റോഡിലെ കുഴിയില്‍ പ്രത്യക്ഷപ്പെട്ട മല്‍സ്യകന്യകയെക്കണ്ട് ഞെട്ടി ബെംഗലൂരുകാര്‍; കാരണമറിഞ്ഞപ്പോള്‍ കട്ട സപ്പോര്‍ട്ട്, ഒടുവില്‍ ലക്ഷ്യം നേടി മല്‍സ്യകന്യക അപ്രത്യക്ഷയായി

ബംഗളൂരു: കനത്ത മഴ പെയ്തു കഴിഞ്ഞപ്പഴേക്കും ബംഗളൂരു നഗരത്തില്‍ പ്രത്യക്ഷപ്പെട്ട മല്‍സ്യകന്യകയെ കണ്ട നഗര വാസികള്‍ ഞെട്ടി. റോഡില്‍ മല്‍സ്യ കന്യകയോ. സൂക്ഷിച്ചു നോക്കിയപ്പോഴാണ് കാര്യം മനസിലായത്. റോഡുകളില്‍ രൂപപ്പെട്ട കുഴിയുടെ സമീപത്താണ് മത്സ്യകന്യക ഇരിക്കുന്നത്. കുഴിയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നാണോ മത്സ്യകന്യക പൊങ്ങി വന്നതെന്ന് പിന്നെയും സംശയം. ഒന്ന് കൂടി കണ്ണ് തിരുമ്മി നോക്കിയപ്പോഴാണ് ഈ മത്സ്യകന്യക സമരക്കാരിയാണെന്ന് മനസ്സിലായത്.

നഗരത്തിലെ റോഡുകളില്‍ ഉണ്ടായ വലിയ ഗട്ടറുകള്‍ അടയ്ക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു മത്സ്യകന്യകയുടെ വരവ്. ബാദല്‍ നഞ്ചുണ്ടസാമിയെന്ന കലാകാരന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ ഈ പ്രതിഷേധം സംഘടിപ്പിച്ചത്. കബ്ബണ്‍ പാര്‍ക്കിന് സമീപം മത്സ്യകന്യകയായി അണിയിച്ചൊരുക്കിയ യുവതിയെ ഇരുത്തി. പരിപാാടി ആകര്‍ഷകമായതോടെ കാഴ്ച്ചക്കാരും ഏറി.

ബംഗളൂരു നഗരത്തില്‍ പെയ്ത മഴയെത്തുടര്‍ന്ന് റോഡില്‍ 15000ത്തോളം കുഴികള്‍ രൂപപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് മൂലമുണ്ടായ അപകടങ്ങളില്‍പ്പെട്ട് അഞ്ചുപേരാണ് മരണപ്പെട്ടത്. എന്നിട്ടും കുഴിയടക്കാന്‍ അധികാരികളുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ല.

എന്നാല്‍ മത്സ്യകന്യകയുടെ സമരം ഫലം കണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം കുഴികളടക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.