സമാജത്തില്‍ ‘നിശാഗന്ധി’ ആല്‍ബം പ്രകാശനവും സംഗീത നിശയും
പി.എം. അബ്ദുല്‍ റഹിമാന്‍
അബുദാബി: പ്രശസ്ത കവിയും ഗാന രചയിതാവുമായ രാപ്പാള്‍ സുകുമാരന്‍ നായര്‍ രചനയും അദ്ദേഹത്തിന്റെ മകനും ഗായകനും സംഗീത സംവിധായകനുമായ എം. ഹരി കൃഷ്ണ സംഗീത സംവിധാനവും നിര്‍വ്വഹിച്ച ‘നിശാഗന്ധി’ എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനവും സംഗീതനിശയും ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാത്രി 7. 30ന് മുസ്സഫയിലെ മലയാളീ സമാജം ഓഡിറ്റോറിയത്തില്‍ നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു.
പ്രശസ്ത ഗായകരായ പി. ജയചന്ദ്രന്‍, വിദ്യാധരന്‍, ലതിക, സുദീപ്, റീന മുരളി, ഇന്ദു ലേഖ വാര്യര്‍ തുടങ്ങിയവര്‍ ആലപിച്ച 11 ലളിത ഗാനങ്ങള്‍ അടങ്ങിയ ‘നിശാഗന്ധി’ എന്ന ആല്‍ബത്തിന്റെ സി. ഡിയുടെ പ്രകാശന കര്‍മ്മം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. നിശാ ഗന്ധിയുടെ ഭാഗമായി നടക്കുന്ന ഗുരു വന്ദനം ചടങ്ങില്‍ വിദ്യാധരന്‍ മാസ്റ്റര്‍, ലതിക എന്നിവരെ ആദരിക്കും. അഭിനേതാവും കാരിക്കേച്ചര്‍ കലാകാരനുമായ ജയ രാജ് വാര്യര്‍ അവതാരകനായിരിക്കും.
തുടര്‍ന്ന് നടക്കുന്ന ‘നിശാഗന്ധി’ സംഗീത നിശ യില്‍ മലയാള സിനിമ യില്‍ പാട്ടിന്റെ പൂക്കാലം തീര്‍ത്ത രവീന്ദ്രന്‍, ജോണ്‍സണ്‍, കൊടകര മാധ വന്‍ എന്നീ പ്രതിഭ കളുടെ ഹിറ്റ് ഗാനങ്ങള്‍ പിന്നണി ഗായക രായ ലതിക, കബീര്‍ തളിക്കുളം (വെള്ളരി പ്രാവിന്റെ ചങ്ങതി ഫെയിം), നൈസി, ഹരി കൃഷണ, ഷാജു മംഗലന്‍, ശ്രുതി നാഥ്? തുടങ്ങി യവര്‍ ആലപിക്കും.
പരിപാടികളെകുറിച്ച് വിശദീകരിക്കു വാനായി അബുദാബിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാധരന്‍ മാസ്റ്റര്‍, ജയ രാജ് വാര്യര്‍, ലതിക, രാപ്പാള്‍ സുകുമാരന്‍ നായര്‍, എം. ഹരികൃഷ്ണ എന്നിവര്‍ സംബന്ധിച്ചു. സംഗീത പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ലളിത സുന്ദര ഗാനങ്ങളാണ് സംഗീത നിശയില്‍ അവതരിപ്പിക്കുക എന്നും വിദ്യാധരന്‍ മാസ്റ്റര്‍ അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.