ജയ്ഷായുടെ കമ്പനിയില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്ന് അമിത് ഷാ

അഹമ്മദാബാദ്: മകന്‍ ജയ് അമിത് ഷായുടെ കമ്പനിയുടെ വരുമാനത്തില്‍ അവിശ്വസനീയ വര്‍ധനയുണ്ടായെന്ന വിവാദത്തില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

ജയ് ഷായുടെ കമ്പനിയില്‍ അനധികൃതമായ സാമ്പത്തിക ഇടപാടുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയ് ഷായുടെ ബിസിനിസ് ഇടപാടില്‍ അഴിമതിയുടെ ചോദ്യം തന്നെ ഉദിക്കുന്നില്ല. കമ്പനിയുടെ ആകെ വിറ്റുവരവ് ഒരു കോടിയാണ് എന്നു പറഞ്ഞാല്‍ ആ കമ്പനിയുടെ ലാഭം ഒരു കോടിയാണ് എന്നല്ല അര്‍ഥം. ജയ് ഷായുടെ കമ്പനി 80 കോടിയുടെ വിറ്റുവരവ് ഉണ്ടാക്കിയപ്പോള്‍ കമ്പനിയ്ക്ക് 1.5 കോടിയുടെ നഷ്ടം സംഭവിച്ചു. ഇത്രയും വിറ്റുവരവുണ്ടാക്കി എന്നല്ലാതെ കമ്പനിക്ക് ലാഭമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

ജയ് ഷായുടെ കമ്പനി ചില ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഈടില്ലാത്ത വായ്പ കരസ്ഥമാക്കിയെന്ന ആരോപണം അമിത് ഷാ നിഷേധിച്ചു. കമ്പനി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് ചെക്കുകള്‍ വഴിയായിരുന്നു. അതുകൊണ്ട് തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോ എന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത്.