ശബരിമലയിലെ സ്ത്രീ പ്രവേശനം: കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടു
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിടാന്‍ തീരുമാനമെടുത്തത്.ഭരണഘടനാ ബെഞ്ചില്‍ വരേണ്ട വിഷയങ്ങള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍.ഭാനുമതി, അശോക് ഭൂഷന്‍ എന്നിവരടങ്ങടിയ ബെഞ്ച് ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടിരുന്നു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലായേഴ്‌സ് അസോസിയേഷന്‍ 2006ലാണ് കോടതിയെ സീമീപിച്ചത്. ഹര്‍ജിയില്‍ നോട്ടീസ് അയച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞവര്‍ഷം കേസ് പരിഗണനയ്ക്ക് എടുത്തത്. തുടര്‍ന്ന് പല ഘട്ടങ്ങളിലായി വിശദമായി വാദം കേട്ടു. ഭരണഘടനാ ബെഞ്ചിന് വിടുന്നതിലൂടെ കേസിലെ തീര്‍പ്പ് വീണ്ടും നീളാനിടയുണ്ട്.
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.പത്തിനും അന്‍പതിനുമിടയ്ക്കു പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു ചീഫ് ജസ്റ്റിസ് മുന്‍പു വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പരിശോധിക്കുമെന്നും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കു നിഷേധിക്കുന്നുണ്ടെന്ന പരാതി പരിഗണിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.