ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുക. സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
കേസില്‍ ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും ഭാഗം കോടതി പരിശോധിച്ചിരുന്നു. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.കേസ് ആവശ്യമെങ്കില്‍ ഭരണഘടന ബെഞ്ചിന് വിടുമെന്ന പരാമരമര്‍ശവും കോടതി നടത്തിയിട്ടുണ്ട്.
സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ല എന്നതായിരുന്നു മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാംങ്മൂലം. ആ സത്യവാംങ്മൂലം പിന്‍വലിച്ച് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിക്കണമെന്ന് പുതിയ സത്യവാംങ്മൂലത്തിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കേസ് ഭരണഘടന ബെഞ്ചിന് വിടുമെന്ന സൂചനയാണ് ഏറ്റവും ഒടുവില്‍ കേസ് പരിഗണിച്ചപ്പോഴും കോടതി നല്‍കിയത്. എന്നാല്‍ അതിനപ്പുറത്തേക്ക് എന്തെങ്കിലും തീരുമാനം ഇന്നുണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.