കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തില്‍ പി.ബി നിലപാട് തള്ളി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അടഞ്ഞ അധ്യയമല്ലെന്നും അവസാന തീരുമാനമെടുക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണെന്നും യെച്ചൂരി വ്യക്തമാക്കി.
കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ രണ്ടു നിലപാടുകള്‍ നാളെ ചേരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി പരിഗണിക്കാനിരിക്കെയാണ് സീതാറാം യെച്ചൂരി പി.ബി നിര്‍ദ്ദേശം തള്ളി രംഗത്തുവരുന്നത്. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനുള്ള സാധ്യത ആരായാനാണ് ബംഗാള്‍ ഘടകത്തിന്റെ നീക്കം. നയത്തിന്റെ പേരില്‍ രണ്ടു തട്ടില്‍ നില്ക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ച ഏറെ പ്രധാനപ്പെട്ട കേന്ദ്ര കമ്മിറ്റി യോഗത്തിനാണ് നാളെ തുടക്കമാകുന്നത്.
നിലവിലെ നയത്തിന് അനുസരിച്ച് എന്ത് തീരുമാനം വേണം എന്നതായിരുന്നു ചര്‍ച്ചയെന്നും ഇപ്പോള്‍ നയംമാറ്റം വേണോയെന്നതാണ് വിഷയമെന്നും യെച്ചൂരി പക്ഷം വാദിക്കുന്നു. അതിനാല്‍ പഴയ സഹാചര്യം ആവര്‍ത്തിക്കണമെന്നില്ല. നയംമാറ്റത്തിന്റെ കാര്യത്തില്‍ വോട്ടെടുപ്പ് ബംഗാള്‍ നേതാക്കള്‍ ആവശ്യപ്പെടും. നാളെ തുടങ്ങുന്ന സി.സിയില്‍ പരാജയപ്പെട്ടാലും രാഷ്ട്രീയപ്രമേയ കരട് അന്തിമമായി പരിഗണിക്കുന്ന അടുത്ത സി.സിയിലും യെച്ചൂരി പക്ഷം ശ്രമം തുടരും. അവിടെയും വിജയിച്ചില്ലെങ്കില്‍ ബദല്‍രേഖ ഉള്‍പ്പടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കൊണ്ടുവരാനുള്ള സാധ്യതയും കാണുന്നുണ്ട്.