എറണാകുളത്ത് സംവിധായകനെ കഴുത്തറുത്ത് കൊലപ്പെടുത്തി ; സുഹൃത്ത് പിടിയില്‍
എറണാകുളം : എറണാകുളത്ത് സംവിധായകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിരവധി ടെലിഫിലിമുകള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ കൊമ്പനാട് ജയനാണ് (48) ദാരുണമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ ജയന്റെ സുഹൃത്തായ നേര്യമംഗലം പുതുക്കുന്നത്ത് ജോബി (28) അറസ്റ്റിലായി. ഇയാള്‍ കോതമംഗലത്തുള്ള ഒരു സ്റ്റുഡിയോയിലെ ജീവനക്കാരനായിരുന്നു. ജയന്‍ വാടകയ്ക്കു താമസിച്ചിരുന്ന കോതമംഗലം മാര്‍ക്കറ്റിനു സമീപത്തുള്ള ഫ്‌ളാറ്റില്‍ വച്ചാണ് കൊലപാതകം നടന്നത്. സംഭവം നടന്ന ദിവസവും ജോബി ജയന്റെ മുറിയിലെത്തിയിരുന്നു. തുടര്‍ന്നു ഇരുവരും രാത്രി 12 മണി വരെ മദ്യപിച്ചു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായി.
തുടര്‍ന്നു ജയന്‍ അബോധാവസ്ഥയിലായപ്പോള്‍ ജോബി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. കൊല നടത്തിയ ശേഷം ജോബിയും ഇതേ മുറിയില്‍ തന്നെ രാത്രി കഴിച്ചു കൂട്ടി. തൊട്ടടുത്ത ദിവസം രാവിലെ ഫോണില്‍ സുഹൃത്തുക്കളെ വിളിച്ച് കാര്യം പറയുകയായിരുന്നു. പോലീസില്‍ ഉടന്‍ കീഴടങ്ങണമെന്നു സുഹൃത്തുക്കള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ജോബി കോതമംഗലം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. നിരവധി അടിപിടി കേസുകളില്‍ പ്രതിയാണ് ജോബിയെന്നാണ് പോലീസ് പറയുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട് ജയനും ജോബിയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ജയനെ ജോബി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് നിഗമനം. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.