അമേരിക്കയും ഇസ്രായേലും യുനസ്‌കോയില്‍ നിന്നും പിന്‍മാറ്റം പ്രഖ്യാപിച്ചു; പിന്മാറ്റത്തിന് കാരണം യുനെസ്‌കോയുടെ ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍
വാഷിംഗ്ടണ്‍ :അമേരിക്കക്ക് പിന്നാലെ ഇസ്രായേലും യുനെസ്‌ക്കോയില്‍ നിന്നും പിന്മാറി. പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേല്‍ വിരുദ്ധ സമീപനം പുലര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് ഐക്യരാഷ്ട്ര സഭയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോയില്‍ നിന്നും അമേരിക്ക പിന്മാറിയത്. സംഘടനയില്‍ ഇനി പ്രത്യേക നിരീക്ഷക രാജ്യമെന്ന് പദവി മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
തങ്ങള്‍ക്ക് പിന്തുണയറിയിച്ചുകൊണ്ടുള്ള അമേരിക്കയുടെ പിന്മാറ്റത്തിന് പിന്നാലെയായിരുന്നു ഇസ്രായേലും യുനെസ്‌കോയില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചത്. അമേരിക്കയുടെ തീരുമാനം ധീരവും ധാര്‍മ്മികത നിറഞ്ഞതുമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുപ്രതികരിച്ചു. അമേരിക്കയ്‌ക്കൊപ്പം യുനസ്‌കോയില്‍ നിന്നും പിന്മാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വക്താക്കള്‍ പ്രതികരിച്ചു.
എന്നാല്‍ ഇരു രാജ്യങ്ങളുടെയും പിന്മാറ്റം ഏറെ ഖേദകരമെന്ന് യുനെസ്‌കോ അധ്യക്ഷ ഇറിന ബൊക്കോവ അഭിപ്രായപ്പെട്ടു. സംഘടനയുടെ ‘ബഹുമുഖ’ പ്രതിച്ഛായയ്ക്ക് യു.എസിന്റെ പിന്‍മാറ്റം മങ്ങലേല്‍പ്പിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
യുനസ്‌കോയില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും സംഘടനയുടെ നിയമങ്ങള്‍ പ്രകാരം 2018 ഡിസംബര്‍ വരെ ഇരു രാജ്യങ്ങള്‍ക്കും അംഗമായി തുടരേണ്ടി വരും.