ടിപി വധക്കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാമര്‍ശം നടത്തിയ വിടി ബല്‍റാമിനെ ചോദ്യം ചെയ്യണെമെന്ന് കുമ്മനം രാജശേഖരന്‍

കോട്ടയം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനിന്നെന്ന് വെളിപ്പെടുത്തിയ വി.ടി ബല്‍റാം എം.എല്‍.എയെ ചോദ്യം ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബല്‍റാമിന്റെ പരാമര്‍ശത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്ഡി .ജി.പിക്കും ചീഫ് സെക്രട്ടറിക്കും ബി.ജെ.പി പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ വളരെ ഗൗരവമുള്ളതാണ്. ആദര്‍ശ രാഷ്ട്രീയത്തിന് അല്‍പ്പമെങ്കിലും പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍ ബല്‍റാം ചോദ്യം ചെയ്യലിന് സ്വമേധയാ ഹാജരാകണം. ഇല്ലായെങ്കില്‍ ബല്‍റാമിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സോളാര്‍ സമരം അവസാനിപ്പിക്കാന്‍ സി.പി.എമ്മും യു.ഡി.എഫും തമ്മില്‍ ഉണ്ടാക്കിയ ഒത്തു തീര്‍പ്പ്കരാര്‍ എന്താണെന്ന് തുറന്നു പറയണം. വിവിധ മാനങ്ങളുള്ള സോളാര്‍ കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇരു മുന്നണികളും ഒത്തു തീര്‍പ്പു രാഷ്ട്രീയമാണ് നടത്തുന്നതെന്ന ബി.ജെ.പിയുടെ ആരോപണം ബല്‍റാമിന്റെ പ്രസ്താവനയോടെ സത്യമാണെന്ന് തെളിഞ്ഞുവെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പില്‍ സി.പി.എം വോട്ടു കിട്ടിയെന്ന കെ. മുരളീധരന്റെ പ്രസ്താവനയും ഇപ്പോഴത്തെ വി.ടി ബല്‍റാമിന്റെ പ്രസ്താവനയും അതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.