ബീഫ് കൈവശം വെച്ചു എന്ന പേരില്‍ അഞ്ചുപേരെ ഗോരക്ഷാസേന പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു ; അടികിട്ടിയവര്‍ക്ക് എതിരെ കേസെടുത്ത് പോലീസ്

ഒരു ഇടവേളയ്ക്ക് ശേഷം ബീഫിന്റെ പേരില്‍ വീണ്ടും അക്രമവും മര്‍ദനവും. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ബീഫ് കൈവശം വെച്ചന്ന് ആരോപിച്ച് അഞ്ചു പേരെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്നു അഞ്ച്‌പേര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. ഓട്ടോയില്‍ ബീഫ് കടത്തി എന്നാരോപിച്ച് ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട് ആക്രമിച്ചു. ഇതിനുശേഷമാണ് ഓട്ടോയിലുണ്ടായിരുന്ന ബാക്കി നാലുപേരെയും ആക്രമിച്ചത്. ആക്രമികള്‍ ഓട്ടോറിക്ഷാ ഡ്രൈവറിനോട് ‘ഭാരത് മാതാ കി ജയ്’ എന്നും ‘ജയ് ഹനുമാന്‍’ എന്നും പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ ഇതിനു തയ്യാറായില്ല. ഇതിന്റെ പേരിലും ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു.

അതേസമയം തല്ലിയവര്‍ക്ക് എതിരെ കേസെടുന്നതിനുപകരം ബീഫ് കടത്തിയെന്നാരോപിച്ച് തല്ലുകിട്ടിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആക്രമിച്ചവര്‍ക്കെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവം നടക്കുമ്പോള്‍ പോലീസ് കാഴ്ച്ചക്കാരായി ചുറ്റിനും ഉണ്ടായിരുന്നു എന്നാണു ആക്രമണത്തിന് ഇരയായവര്‍ പറയുന്നത്.