ഗൗരി ലങ്കേഷ് വധം: പ്രതികളുടെ രേഖാചിത്രം അന്വേഷണസംഘം പുറത്ത് വിട്ടു

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തിനു പിന്നിലെ പ്രതികളുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം പുറത്തു വിട്ടു. ബെംഗളൂരുവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രേഖാചിത്രങ്ങള്‍ പുറത്തു വിട്ടത്.

ദൃക്‌സാക്ഷികളില്‍ നിന്ന് ശേഖരിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളുടെ മൂന്ന് ചിത്രങ്ങളാണ് ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടത്. വ്യത്യസ്ത ദൃക്‌സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തില്‍ വരച്ച ചിത്രങ്ങളാണ് ഇവ. ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികളെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. അതുകൊണ്ടാണ് പ്രതികളുടെ രേഖാചിത്രം പുറത്തുവിടുന്നതെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ ബി.കെ സിങ് വ്യക്തമാക്കി.

പ്രതികളിലൊരാളുടെ നെറ്റിയില്‍ കുറി വരച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പ്രതികള്‍ ധരിച്ചിരുന്ന കമ്മലിന്റേയോ നെറ്റിയിലെ കുറിയുടേയോ അടിസ്ഥാനത്തില്‍ പ്രതികളുടെ മതമോ ബന്ധമോ ഉറപ്പാക്കാനാവില്ല. അവ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്നാണ് പോലീസ് കരുതുന്നതെന്നും ബി.കെ സിങ് പറഞ്ഞു.

‘വധത്തിനു പിന്നില്‍ സനാഥന്‍ സന്‍സ്ഥയാണെന്ന പ്രചരണം മാധ്യമങ്ങളില്‍ മാത്രമേ ഉള്ളൂ. പ്രതികള്‍ ഏതെങ്കിലു സംഘടനയുമായി ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണോ എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. ഗൗരി ലങ്കേഷിന്റെ വീട്ടിന്റെ സമീപത്തു നിനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചു. ധബോല്‍ക്കര്‍ വധവുമായി പ്രതികള്‍ക്ക് ബന്ധമുള്ളതായി ഇതുവരെ വ്യക്തമായിട്ടില്ല’. അന്വേഷണ ഉദ്യോഗസ്ഥര്‍ ബി.കെ സിങ് വ്യക്തമാക്കി.

സെപ്തംബര്‍ അഞ്ചിനാണ് സ്വന്തം വസതിയില്‍ ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് 40 ദിവസത്തിന് ശേഷമാണ് കൊലപാതക കേസിലെ പ്രതികളുടെ ചിത്രം അന്വേഷണ സംഘം പുറത്തു വിട്ടത്.