ഫിലീപ്പൈന്‍സില്‍ മുങ്ങിയ കപ്പലില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ മലയാളിയും; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു
മനില: ഫിലീപ്പൈന്‍സ് തീരത്ത് ഇകഴിഞ്ഞ ദിവസം മുങ്ങിയ എമറാള്‍ഡ് സ്റ്റാര്‍ എന്ന ചരക്കു കപ്പലില്‍ നിന്ന് 15 പേരെ രക്ഷപ്പെടുത്തിയതായി ജപ്പാന് തീരസംരക്ഷണ സേന അറിയിച്ചു. ഡെന്‍സ കോബ്ര എന്ന കപ്പലിന്റെ സഹായത്തോടെ 11 പേരെയും എസ്.എം.സമരിന്ദ എന്ന കപ്പല്‍ അഞ്ചു പേരെയുമാണ് രക്ഷിച്ചത്. രക്ഷപ്പെട്ടവരില്‍ മലയാളിയായ സെക്കന്‍ഡ് എന്‍ജിനീയര്‍ സുരേഷ് കുമാറും ഉള്‍പ്പെടുന്നു.
15 പേരെ രക്ഷപ്പെടുത്തിയെങ്കിലും കാണാതായ 11 പേരെ ഇനിയും കണ്ടെത്തതിനായിട്ടില്ല. അതേസമയം, കപ്പലിന്റെ ക്യാപ്ടന് മലയാളിയായ രാജേഷ് നായര്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്. കാണാതായവരില്‍ ഇദ്ദേഹവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
26 പേരുമായി ഫിലിപ്പൈന്‍സ് തീരത്തിന് 280 കിലോമീറ്റര്‍ ദൂരത്തുകൂടി സഞ്ചരിക്കുമ്പോഴായിരുന്നു കപ്പല്‍ മുങ്ങിയത്. അതേസമയം, നിരോധിത വസ്തുവായ നിക്കല്‍ അയിരാണ് കപ്പലില്‍ കടത്തിയതെന്ന് സൂചനയുണ്ട്. നിക്കല്‍ അയിര് ദ്രാവകമായാല്‍ കപ്പലിന്റെ സന്തുലിതാവസ്ഥ നഷ്ടമാകുമെന്നും ഇതാണ് കപ്പല്‍ മുങ്ങാനുണ്ടായ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാലിക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കാണാതായ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പാപുവന്‍ ചീഫ് എന്ന ഹോങ്കോംഗ് കപ്പലും തിരച്ചലിനായി രംഗത്തുണ്ട്.