രണ്ടര വയസുകാരന് നല്‍കിയ ചുമയുടെ മരുന്ന് വീണ് സ്വര്‍ണം വെള്ളി നിറത്തിലായി

ഊരുട്ടമ്പലം പ്ലാവിള സ്വദേശിയുടെ മകന്‍ രണ്ടര വയസ്സുള്ള അദ്വൈതിന് നഗരത്തിലെ ആശുപത്രിയില്‍ നിന്നെഴുതിയ നല്‍കിയ മരുന്നു വീണ് കുട്ടിയുടെ അമ്മയുടെ സ്വര്‍ണാഭരണത്തിന്റെ നിറം വെളുത്തു. കുഞ്ഞിന് മരുന്ന് കൊടുക്കുന്നതിനിടെ തട്ടിത്തെറിപ്പിച്ച മരുന്നുതുള്ളി വീണ് കുഞ്ഞിന്റെ കയ്യിലെ ബ്രയ്‌സ്ലറ്റ്, അമ്മയുടെ മാല എന്നിവയുടെ നിറം വെള്ളി നിറത്തില്‍ ആക്കുകയായിരുന്നു. ലോഹങ്ങളില്‍ ഇത്ര മാരകമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കഴിച്ച കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റി ഉത്ക്കണ്ഠാകുലരായ രക്ഷിതാക്കള്‍ ഉടന്‍തന്നെ ബോട്ടിലില്‍ രേഖപ്പെടുത്തിയ കമ്പനിയുടെ വിലാസം നെറ്റില്‍ തിരഞ്ഞ് ഫോണ്‍ നമ്പരില്‍ വിളിച്ചെങ്കിലും നമ്പര്‍ ഒന്നും നിലവിലില്ല എന്നാണ് പറഞ്ഞത്.
തുടര്‍ന്ന് വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടര്‍ന്നു വൈകിട്ട് മരുന്നിന്റെ സാംപിള്‍ ആശുപത്രിയിലെത്തിച്ചു. ഇവരിടപെട്ടാണു കമ്പനി പ്രതിനിധിയെ വരുത്തിയത്. വിവരം അറിഞ്ഞ മരുന്നു കമ്പനിക്കാര്‍ രക്ഷിതാക്കളെ വിളിച്ചു മരുന്നിന്റെ സാംപിള്‍ വാങ്ങി. പതിനായിരത്തിലധികം കുപ്പി മരുന്നാണു മാസം വിറ്റുപോകുന്നതെന്നും സമൂഹ മാധ്യമത്തില്‍ വിവരം പോസ്റ്റ് ചെയ്തതിനു കാണിച്ചുതരാമെന്ന ഭീഷണിയും കമ്പനി പ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായി ഭീഷണിയെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മരുന്നു കഴിച്ച കുട്ടിക്ക് അസ്വസ്ഥതയൊന്നുമില്ല.