അണ്ടര്‍ 17 ലോകകപ്പിലെ നായകന് ജേഴ്സണ് ഫ്രാഗോ വിയേര ഇന്ത്യയില്‍
2009ല്‍ നൈജീരിയയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പിലെ നായകന് ജേഴ്സണ് ഫ്രാഗോ വിയേര ഇന്ത്യയില്‍. ബ്രസീല്‍ ടീമിനുവേണ്ടി ആയിരുന്നു ജേഴ്സണ് ഫ്രാഗോ വിയേര 2009ല്‍ നൈജീരിയയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പിനായി പോരാടിയത്. നെയ്മര്‍ കൂടി അംഗമായിരുന്ന ടീമിനെ നയിച്ച മികച്ച നായകനെന്നു പേരെടുത്ത ജേഴ്സണ് ഫ്രാഗോ വിയേരയെ പ്രസിഡന്റ് എന്നാണു നെയ്മറടക്കമുള്ള ടീമംഗങ്ങള്‍ വിളിച്ചിരുന്നത്. ലിവര്‍പൂളിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കുടിഞ്ഞോ, റയല്‍ മാഡ്രിഡ് എഫ്സി ഡിഫന്‍സീവ്, മിഡ്ഫീല്‍ഡര്‍ കാസിമീറോ തുടങ്ങിയവരാണ് അന്നു വിയേരയുടെ ടീമിലുണ്ടായിരുന്ന പ്രമുഖ കളിക്കാര്‍.
ഐ എസ് എല്‍ ടീമായ മുംബൈ സിറ്റി എഫ് സി ക്കായി മത്സരിക്കാനാണ് ഇദ്ധേഹം ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ബ്രസീലിലെ ഗ്രമിയോ എഫ്സിയുടെ താരമായ വിയേര ലോണ്‍ അടിസ്ഥാനത്തിലാണു കഴിഞ്ഞ സീസണ് മുതല്‍ മുംബൈയിലെത്തിയത്. 2006 മുതല്‍ ബ്രസീലിനായി വിവിധ പ്രായവിഭാഗങ്ങളില്‍ കളിക്കുന്ന വിയേര ബ്രസീല്‍ അണ്ടര്‍ 17 ടീമിനായി 14 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ബാര്‍സിലോനയില്‍ നടന്ന മെഡിറ്ററേറിയന്‍ ഇന്റര്‍നാഷനല്‍ കപ്പ്, സൗത്ത് അമേരിക്കന്‍ അണ്ടര്‍ 15, 17 ടൂര്‍ണമെന്റുകള്‍, 2009ല്‍ ജപ്പാനില്‍ നടന്ന സെന്‍ഡായ് കപ്പ് എന്നീ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
സെന്‍ഡായ് കപ്പില്‍ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും സീനിയര്‍ ടീമില്‍ അംഗമാകാനുള്ള ഭാഗ്യം ഇതുവരെ വിയേരക്ക് ലഭിച്ചിട്ടില്ല. താന്‍ നായകനായപ്പോള്‍ അണ്ടര്‍ 17 ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിലെത്തിയ ടീമിന് അതു കഴിയുമെന്നാണു വിയേരയുടെ വിശ്വാസം.