ഷെറിന്‍ മാത്യുവിന്റെ തിരോധാനം: വിതുമ്പലുകള്‍ അടക്കാനാകാതെ മലയാളീ സമൂഹം
പി.പി. ചെറിയാന്‍
റിച്ചാര്‍ഡ്‌സണ്‍ (ഡാളസ്): ടെക്‌സസ് സംസ്ഥാനത്തെ ഡാളസ്സ് കൗണ്ടി, റിച്ചാര്‍ഡണ്‍ സിറ്റിയിലെ സ്വന്തം വീടിന് സമീപത്ത് നിന്നും കഴിഞ്ഞ ശനിയാഴ്ച അപ്രത്യക്ഷമായ ഷെറിന്‍ മാത്യൂവിന് വേണ്ടിയുള്ള അന്വേഷണം ഒരാഴ്ച പിന്നിടുമ്പോഴും വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ വഴിമുട്ടി നില്‍ക്കുമ്പോള്‍, നിഷ്‌കളങ്കയായ കുട്ടിയുടെ തിരിച്ച് വരവിന് വേണ്ടി കമ്മ്യൂണിറ്റി നേതാക്കന്മാരും, സുഹൃത്തുക്കളും സമീപവാസികളും എവിടെ നിന്നാണോ ഷെറിന്‍ അപ്രത്യക്ഷമായത് ആ മരത്തിന് സമീപം തോളോട് തോള്‍ ചേര്‍ന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചത് കൂടി നിന്നവരുടെ കണ്ണുകള്‍ ഈറനണിയിച്ചു.
ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ വെള്ളിയാഴ്ച (ഒക്ടോബര്‍ 13) വൈകിട്ട് 7 മണിക്ക് ഷെറിന്‍ മാത്യുവിന്റെ വീടിന് മീപമുള്ള മരത്തിന് ചുറ്റും ഡാളസ്സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തി ചേര്‍ന്നവര്‍ പുഷ്പങ്ങളും, പ്ലക്കാര്‍ഡുകളും, മെഴുകുതിരിയും നിരത്തി പ്രദേശമാകെ പൂങ്കാവനമാക്കി. ഷെറിന്റെ പ്രായത്തിലുള്‌ല കുട്ടികളേയും കുട്ടിയാണ് മാതാപിതാക്കള്‍ എത്തി ചേര്‍ന്നത്.’ഷോള്‍ഡര്‍ റ്റു ഷോള്‍ഡര്‍ ഫോര്‍ ഷെറിന്‍’ നേതൃത്വം നല്‍കിയത് ഷെറിന്റെ വീടിനു സമീപത്തുള്ള ഉമ്മര്‍ സിദ്ധിക്കിയായിരുന്നു. കഴിഞ്ഞ ആറു ദിവസം ഈ വിഷയത്തില്‍ അന്വേഷണം ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായം നല്‍കി കൂടെയുണ്ടാരുന്ന റവ. എ. വി തോമസ് അച്ചന്റെ പ്രാര്‍ഥനയോടുകൂടെയാണ് തുടക്കം കുറിച്ചത്.
ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസ് കൗണ്‍സിലറായ ഗൗതമി വെമ്യൂല അന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതിയെക്കുറിച്ചു വിവരിച്ചു. എമേയ്‌സിന് ഗ്രേസ് എന്ന ഗാനം എല്ലാവരും ചേര്‍ന്ന് ആലപിച്ചത് ഷെറിന്റെ തിരിച്ചുവരവിനു വേണ്ടി ഹൃദയാന്തര്‍ഭാഗത്തുനിന്നും ഉയരുന്ന തേങ്ങലായി മാറി.ഷെറിന്റെ കുടുംബാംഗങ്ങള്‍ വിജിലില്‍ നിന്നു ഒഴിഞ്ഞു നിന്നു. മകളുടെ സുരക്ഷിതമായ തിരിച്ചുവരവിനു വേണ്ടി മാതാപിതാക്കള്‍ അഭ്യര്‍ഥന നടത്തുമെന്ന പ്രതീക്ഷിച്ചിരുന്നവര്‍ നിരാശരായി. എല്ലാ പ്രധാന ടിവി ചാനലുകളും വിജില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിയപ്പോള്‍ പവര്‍ വിഷന്‍ മാത്രമായിരുന്നു മലയാളികളെ പ്രതിനിധീകരിച്ചു എത്തിച്ചേര്‍ന്നത്.