കാശ്മീരില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ രണ്ട് ലഷ്!കറെ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു. പുല്‍വാമ ജില്ലയിലെ ലിറ്റര്‍ ഗ്രാമത്തില്‍ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലിസ് അറിയിച്ചു. വസീം ഷാ, ഹാഫിസ് നിസാര്‍ എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്ന് തിരിച്ചറിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടവരില്‍ നിന്ന് എകെ47, എകെ56 തോക്കുകളും ആറ് എകെ മാഗസിനുകളും കണ്ടെടുത്തു. സി.ആര്‍.പി.എഫും രാഷ്ട്രീയ റൈഫിള്‍സും ജമ്മു കാശ്മീര്‍ പൊലിസുമായി ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരുപ്പുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തവേ തീവ്രവാദികള്‍ സൈന്യത്തിനു നേരെ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു.