റാഖയില്‍ നിന്ന് ഐഎസിന് തുരത്തി അമേരിക്കന്‍ സൈന്യം; അഫ്ഗാനിലും ഐഎസിന് തകര്‍ത്തടിച്ച് സൈന്യം

 

കാബൂള്‍: ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ്) അഫ്ഗാനിസ്ഥാനിലും സിറിയയിലും കനത്ത ആക്രമണം നടത്തി സൈന്യം. അമേരിക്കയുടെ പിന്തുണയോടെയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ കനത്ത ആക്രമണത്തിനൊടുവില്‍ റാഖ നഗരവും ഐ.എസ് ഉപേക്ഷിച്ചു. നൂറിലധികം ഐ.എസ് ഭീകരര്‍ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ഐ.എസിന്റെ ശക്തികേന്ദ്രമായിരുന്ന റാഖയെ മോചിപ്പിക്കാന്‍ മാസങ്ങളായി യു.എസ് സൈന്യം കനത്ത പോരാട്ടമാണ് നടത്തിവന്നിരുന്നത്.

അതെ സമയം അഫ്ഗാനില്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ 14 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനില്‍,  കുനാര്‍ പ്രവിശ്യയിലായിരുന്നു ആക്രമണം. ഐ.എസ് ഭീകരര്‍ പിടിച്ചെടുത്ത ഈ പ്രദേശത്ത് സര്‍ക്കാര്‍ സംവിധാനങ്ങളെയെല്ലാം തുരത്തിയോടിച്ച ശേഷം തങ്ങളുടെ താവളമാക്കി മാറ്റിയിരുന്നു.

ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതിനിടെയാണ് 14 ഐ.എസ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അമേരിക്ക ഇതു സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.