പാലാ നഗരസഭാ നേതൃത്വം താലിബാനിസത്തിന്റെ വഴി സ്വീകരിക്കുമ്പോള്‍
പാലാ: പാലാ നഗരസഭാധികൃതരുടെ ഇപ്പോഴത്തെ പല നടപടികളും ‘താലിബാനിസ’ത്തിന്റെ മാതൃകയാണ്. താലിബാനിസം’ എന്നത് ഒരു മനോഭാവം കൂടിയാണ്; ആര് സൃഷ്ടിച്ചു / പരിപാലിച്ചുപോരുന്നു എന്നീ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സമസ്യകള്‍ക്ക് അപ്പുറം. മുസ്സോളിനിയുടെ സേനയുടെ പേര് ‘ഫാസിസം’ എന്ന പൊതുസംജ്ഞ സൃഷ്ടിച്ചത് പോലെ. തങ്ങള്‍ക്ക് പഥ്യം അല്ലാത്ത എന്തിനോടുമുള്ള അസഹിഷ്ണുതയും അതില്‍നിന്നുള്ള ഹിംസയും താലിബാനിസ’ത്തിന്റെ മുഖമുദ്രയാണ്.
അതിനു സമാനമാണ് പാലാ നഗരസഭാധികൃതരുടെ ഇപ്പോഴത്തെ പല നടപടികളും എന്നു ചൂണ്ടിക്കാണിക്കാതെ വയ്യ.
പാലാ നഗരത്തിന്റെ അഭിമാനമാണ് ചെറിയാന്‍ ജെ. കാപ്പാന്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ചെറിയാന്‍ ജെ.കാപ്പനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായിട്ടാണ് മുനിസിപ്പല്‍ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. ആരായിരുന്നു ചെറിയാന്‍ ജെ. കാപ്പന്‍? പാലായില്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു നടന്ന പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളികളില്‍ ഒരാളായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ജയില്‍ശിക്ഷ വരെ അനുഭവിച്ചിട്ടുള്ള കാപ്പന്‍ പാലാ നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു. ഈ കാലഘട്ടത്തിലാണ് പാലായുടെ വികസനത്തിന് അടിത്തറ പാകിയത്. തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭകളില്‍ അംഗവും രണ്ടു തവണ പാര്‍ലെമെന്റ് അംഗവുമായിരുന്നു. 2005 -10 കാലഘട്ടത്തില്‍ പാലാ മുനിസിപ്പല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ചെറിയാന്‍ ജെ. കാപ്പന്‍ സ്മാരക മുനിസിപ്പല്‍ ഐടിസി നിര്‍ത്തലാക്കേണ്ടി വന്നു. അക്കാലത്ത് നഗരസഭാ ചെയര്‍മാനായിരുന്ന പ്രൊഫ: എ.സി. ജോസ് അടയ്ക്കാമുണ്ടക്കല്‍ മുന്‍ കൈയ്യെടുത്താണ് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് ചെറിയാന്‍ ജെ.കാപ്പന്റെ പേര്‍ നല്‍കാന്‍ പാലാ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചത്. തുടര്‍ന്നു 2009 സെപ്തംബര്‍ 19- നു ചെറിയാന്‍ ജെ. കാപ്പന്‍ സ്മാരക സ്റ്റേഡിയത്തിനു നിര്‍മ്മിച്ച കവാടം പാലായുടെ എം എല്‍ എ കെ.എം.മാണി ഉദ്ഘാടനം ചെയ്തു.
പിന്നീട് അടുത്ത കാലത്ത് കെ.എം.മാണിയുടെ ശ്രമഫലമായി അദ്ദേഹത്തിന്റെ മണ്ഡലത്തില്‍പ്പെട്ട പാലാ നഗരസഭയുടെ കീഴിലുള്ള ഈ സ്റ്റേഡിയം അന്താരാഷ്ട്ര നിലാവാരത്തില്‍ സിന്തറ്റിക് ട്രാക്കോടു കൂടി നവീകരിച്ചു. ഇതിനു രണ്ടാമത് ഒരു കവാടം കൂടി നിര്‍മ്മിച്ചപ്പോള്‍ അതില്‍ നിന്നും ചെറിയാന്‍ കാപ്പന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ്. കൂടാതെ ഒക്ടോബര്‍ 10-നു ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സ്റ്റേഡിയത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഭരണപക്ഷം രംഗത്തുവന്നുവെങ്കിലും പ്രതിപക്ഷ നിരയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നീക്കം തത്ക്കാലം മാറ്റി വച്ചിരിക്കുകയാണ്.
ഭരണപക്ഷത്തിന്റെ ഈ നീക്കം സ്വാതന്ത്ര്യസമര സേനാനിയോടുള്ള അനാദരവും സ്വാതന്ത്ര്യ സമരചരിത്രത്തോടുള്ള അവഹേളനവും അതിലുപരി മഹത്തായ പാലായുടെ പാരമ്പര്യത്തിന് എതിരു നില്‍ക്കുന്നതുമാണ്. സ്വാതന്ത്ര്യ സമരത്തിന്റെയും പാലായുടെയും ചരിത്രമറിയാത്തവരാണ് ഇത്തരം നീക്കത്തിനു പിന്നിലുള്ളത്. ഇതോടൊപ്പം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനെ തച്ചു തകര്‍ക്കണമെന്ന താലിബാനിസം നടപ്പാക്കാനാണ് ഇവരുടെ ശ്രമം.
മുന്‍പ് പി.ജെ. ജോസഫ് വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്ത് പാലാ ഗവണ്‍മെന്റ് ഹയര്‍ സെക്കറന്ററി സ്‌കൂളിന് സ്വാതന്ത്ര്യസമരസേനാനിയും മുന്‍ സ്പീക്കറുമായിരുന്ന ആര്‍.വി.തോമസിന്റെ പേരു നല്‍കാന്‍ ഒരു ഉത്തരവ് നല്‍കിയിരുന്നു. അതിനെതിരെ അന്നത്തെ പിടിഎ കമ്മിറ്റി പ്രമേയം പാസാക്കുകയും പകരം ഗാന്ധിജിയുടെ പേര് നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഗാന്ധിജിയോടുള്ള സ്‌നേഹമല്ല; മറിച്ച് ആര്‍.വി.യോടുള്ള പകയാണ് പേരുമാറ്റത്തിനു പിന്നിലെന്ന് പിന്നീട് വ്യക്തമായി. അതിനു ശേഷം പുതിയ കെട്ടിടം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസില്‍നിന്നും ഗാന്ധിജിയെ പുറത്താക്കിയത് വിവാദമായിരുന്നു.
പാലായുടെ പാരമ്പര്യം നിലനിര്‍ത്തി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ജനങ്ങളുടെ ദാസന്മാരായ നിങ്ങളെ അധികാരത്തിലേറ്റിയിരിക്കുന്നതെന്ന കാര്യം മുനിസിപ്പല്‍ ഭരണക്കാര്‍ വിസ്മരിക്കരുത്. ഒപ്പം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരും മുമ്പ് രാജ്യത്തിന്റെയും പാലായുടെയും ചരിത്രം പഠിക്കുന്നത് ഗുണകരമായേക്കും.