കൂട്ടമാനഭംഗ ഇരയായ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുമെന്നു പ്രതികളുടെ ഭീഷണി; സമ്മര്‍ദ്ദം താങ്ങാനാവാതെ പെണ്‍കുട്ടി ജീവനൊടുക്കി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ കൂട്ടമാനഭംഗത്തിനിരയായ പതിനാറുകാരി ജീവനൊടുക്കി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും പീഡിപ്പിക്കുമെന്നു കൂട്ടമാനഭംഗത്തിനിരയാക്കിയവര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണു പെണ്‍കുട്ടി ജീവനൊടുക്കിയത്. ബാഗ്പത് ജില്ലയിലെ കിര്‍ത്തല്‍ ഗ്രാമത്തിലാണു സംഭവം.

ജൂലൈ അഞ്ചിനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ചുപേര്‍ചേര്‍ന്നു കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കിയത്. അഞ്ചു ദിവസത്തെ പീഡനത്തിനുശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോലീസിലെത്തി പരാതി നല്‍കി. എന്നാല്‍ കേസിന്റെ ചുമതലയുണ്ടായിരുന്ന എസ്‌ഐ അജയ് കുമാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല.

രണ്ടു മാസം മുന്പ് പെണ്‍കുട്ടിയും മാതാപിതാക്കളും പരാതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും പോലീസ് നടപടിയെടുത്തില്ല. വെള്ളിയാഴ്ച ചന്തയില്‍ പോയ പെണ്‍കുട്ടിയെ മുന്പ് മാനഭംഗപ്പെടുത്തിയവര്‍ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്യുകയും തങ്ങള്‍ക്കെതിരായ കേസ് പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും പീഡിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വീട്ടിലെത്തിയ കഴിഞ്ഞ ദിവസം പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു.