അരിക്കും ജി.എസ്.ടി ; വില കൂടും ; മലയാളിക്ക് അരിയാഹാരം അന്യമാകും

തിരുവനന്തപുരം : റേഷന്‍ അരിക്ക് ഒഴികെ എല്ലാ അരി ഇനങ്ങള്‍ക്കും ജി.എസ്.ടി ചുമത്തി തുടങ്ങി. ബ്രാന്‍ഡ് പേരുള്ള എല്ലാ ധാന്യങ്ങള്‍ക്കും ജി.എസ്.ടി. ബാധകമാണെന്ന ഉത്തരവനുസരിച്ചാണ് നടപടി. അഞ്ചു ശതമാനം ജിഎസ്ടിയാണ് അരിയിനങ്ങള്‍ക്കു ചുമത്തുന്നത്. ബ്രാന്‍ഡ് അടക്കമുള്ള എല്ലാ ധാന്യങ്ങള്‍ക്കും ജിഎസ്ടി ബാധകമാണെന്ന് നേരത്തേ തന്നെ ഉത്തരവ് വന്നിരുന്നു. അരിവില വര്‍ധിക്കുന്നതോടെ വന്‍ വില വര്‍ധനവാണ് കേരളത്തിനെ കാത്തിരിക്കുന്നത്. കുടുംബ ബജറ്റ് തന്നെ അവതാളത്തില്‍ ആകുന്ന തരത്തിലാകും കാര്യങ്ങളുടെ പോക്ക്. ജിഎസ്ടി വന്നാല്‍ അരി വിലയില്‍ കിലോയ്ക്ക് രണ്ടര രൂപയുടെ വരെ വര്‍ധനവുണ്ടാവും. മലയാളിക്ക് 600 കോടിയോളം രൂപയാണ് ഇതോടെ അരിക്കായി മലയാളിക്ക് ഒരു വര്‍ഷം അധികമായി നല്‍കേണ്ടി വരിക.

നേരത്തേ രജിസ്റ്റേര്‍ഡ് ബ്രാന്‍ഡുകളിലുള്ള ധാന്യങ്ങള്‍ക്കായിരുന്നു ജിഎസ്ടി ബാധകമായിരുന്നത്. ചാക്കിലോ പായ്ക്കറ്റുകളിലോ ആക്കി കമ്പനിയുടേതോ മില്ലുകളുടേതോ പേരോ ചിഹ്നമോ ഉള്ള എല്ലാ അരിയും ബ്രാന്‍ഡഡ് ആയി കണക്കാക്കുമെന്നാണ് ജി.എസ്.ടി. വകുപ്പ് പറയുന്നത്. അതുപ്രകാരം കേരളത്തില്‍ പൊതുവിപണിയിലെത്തുന്ന അരിയെല്ലാം ബ്രാന്‍ഡഡ് ആണ്. എല്ലാറ്റിനും അഞ്ച് ശതമാനം നികുതിയും ബാധകമാക്കും. അരിയുടെ ഏറ്റവും വലിയ ഉപഭോക്താവ് കേരളമാണെന്നിരിക്കേ അരി ഉത്പാദക സംസ്ഥാനങ്ങള്‍ക്കും നേട്ടമുണ്ടാകും. ഈടാക്കുന്ന ജി.എസ്.ടി.യുടെ പകുതി ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ജി.എസ്.ടി. ബില്ലിട്ടാണ് അരി കേരളത്തിലേക്കയയ്ക്കുന്നത്. ജി.എസ്.ടി. ഈടാക്കാത്തതിന്റെ പേരില്‍ ഭാവിയില്‍ പിഴയടയ്‌ക്കേണ്ടിവരുമോയെന്ന് ഭയന്നും ജി.എസ്.ടി. ഈടാക്കുന്നുണ്ട്.

അതേസമയം അരി വില വര്‍ധിക്കുന്നത് കാരണം ഹോട്ടല്‍ ഭക്ഷണത്തിന് വീണ്ടും വില വര്‍ധിക്കും.ഇപ്പോള്‍ തന്നെ ജി എസ് ടിയുടെ പേരും പറഞ്ഞു പല ഹോട്ടലുകളും തോന്നുന്ന തരത്തിലാണ് വിലകള്‍ ഈടാക്കുന്നത്.