സോമാലിയയിലെ ട്രക്ക് സ്‌ഫോടനം: മരണം 200 കവിഞ്ഞു, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും
മൊഗാദിഷു : സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ മരണസംഖ്യ 231 ആയി. മൊഗാദിഷുവിലെ ഹോട്ടലിന് മുന്നിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മുന്നൂറോളം പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ 50 ലധികം പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
വിവിധ വിഘടനവാദ ഗ്രൂപ്പുകള്‍ ശക്തമാണെങ്കിലും ഇത്ര ശക്തമായ ആക്രമണം രാജ്യത്ത് ആദ്യമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അല്‍ക്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയായ അല്‍ ശബാബ് ഗ്രൂപ്പ് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിടുന്ന മേഖലയാണിത്. അവര്‍ തന്നെയാകും ഈ ആക്രമണത്തിന്റെ പിന്നിലെന്നും സംശയിക്കപ്പെടുന്നു.
തലസ്ഥാന നഗരിയായ മൊഗാദിഷുവിലെ തിരക്കേറിയ പാതയിലുള്ള പ്രശസ്തമായ സഫാരി ഹോട്ടലിന് മുന്നില്‍ ബോംബ് ഘടിപ്പിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി സര്‍ക്കാര്‍ ഓഫീസുകളും ഹോട്ടലുകളും സ്ഥിതി ചെയ്യുന്ന ഇവിടെയെത്തിയ അക്രമികള്‍ ആദ്യം ഹോട്ടലിന് മുന്നിലേക്ക് ബോംബെറിയുകയായിരുന്നു. പിന്നാലെ ആയുധങ്ങളുമായെത്തിയ ഭീകരര്‍ ഹോട്ടലിന് നേരെ വെടിയുതിര്‍ക്കുകയും അകത്തേക്ക് പ്രവേശിക്കുകായും ചെയ്തു.
ഇതിന് പിന്നാലെയാണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്ക് പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു, വന്‍ ശബ്ദത്തോടും പുകയോടും കൂടെയുണ്ടായ സ്‌ഫോടനത്തില്‍ ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്‌നിക്കിരയാവുകയും ചെയ്തു.