സംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടിയായി കേന്ദ്രത്തിന്‍റെ ദീപാവലി സമ്മാനം ; കേന്ദ്രവിഹിതം ഇനി മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രം

കേന്ദ്ര വിഹിതം വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ധനകാര്യ മന്ത്രി തോമസ് ഐസക്ക്. മൂന്ന് മാസം കൂടുമ്പോൾ മാത്രമേ നൽകൂവെന്ന കേന്ദ്ര തീരുമാനം ഏകപക്ഷീയമെന്ന് നടപടി സംസ്ഥാനങ്ങൾക്ക് ഇരുട്ടടിയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കുന്നു. കേന്ദ്രതീരുമാനം സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങൾക്ക് പ്രതിമാസം നൽകികൊണ്ടിരിക്കുന്ന കേന്ദ്ര വിഹിതമാണ് മൂന്ന് മാസത്തിലൊരിക്കലായി വെട്ടിച്ചുരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ കേന്ദ്രവിഹിതമാണ് അടുത്തസാമ്പത്തിക വര്‍ഷം മുതല്‍ മൂന്നുമാസത്തിലൊരിക്കല്‍ മാത്രം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായാണ് കേന്ദ്രം തീരുമാനമെടുത്തതെന്ന് മന്ത്രി ഐസക് കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ പണം കടം വാങ്ങേണ്ടി വരുന്നുവെന്ന കാരണം പറഞ്ഞാണ് ഈ വിഹിതം മൂന്ന് മാസം കൂടുമ്പോള്‍ മാത്രം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളെ കടക്കെണിയിലേക്ക് തളളിവിടുന്നതാണ് കേന്ദ്രതീരുമാനം. കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ബാധ്യത സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. കേന്ദ്ര വരുമാനത്തിന്റെ 42 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് വിഹിതമായി കേന്ദ്രം നല്‍കുന്നത്. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കു പുറമെ ഭരണസംബന്ധമായ ചിലവുകള്‍ക്കും വായ്പകളുടെ പലിശയടയ്ക്കുന്നതിനുമാണ് ഇതിന്റെ ഭൂരിഭാഗവും സംസ്ഥാനങ്ങള്‍ വിനിയോഗിക്കുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ എല്ലാം വിഷയത്തില്‍ മൌനം പാലിക്കുന്നത് കേന്ദ്രത്തിന് സ്ഥിതിഗതികള്‍ എളുപ്പമാക്കുവാനെ ഉപകരിക്കു.