സമവായത്തിനില്ലെന്ന് കാരാട്ട് വിഭാഗം; കോണ്‍ഗ്രസ് ‘ബന്ധത്തെച്ചൊല്ലി പിബിയില്‍ കടുത്ത ഭിന്നത: വോട്ടെടുപ്പുണ്ടായേക്കും

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെ ചൊല്ലി സി.പി.എമ്മില്‍ കടുത്ത ഭിന്നത. അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് കരട് രാഷ്ട്രീയ നയം നിശ്ചയിക്കുന്നതിനായി കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് അനിവാര്യമായേക്കും.

കോണ്‍ഗ്രസുമായി ഒരുബന്ധവും പാടില്ലെന്ന് കാരാട്ടും കേരള ഘടകവും ശക്തമായി വാദിക്കുന്നു. ബന്ധം എന്നത് സഖ്യമല്ലെന്നും കോണ്‍ഗ്രസുമായി സഹകരണം വേണം എന്ന നിലപാടിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാള്‍ ഘടകം ഒന്നാകെ യെച്ചൂരിയുടെ നിലപാടിനൊപ്പമാണ്. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

ജനാധിപത്യമതേതര ശക്തികളുമായി ചേര്‍ന്ന് വിശാലചേരി രൂപവത്കരിക്കണമെന്നാണ് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പക്ഷത്തിന്റെ നിലപാട്. ഇതിനെ അനുകൂലിച്ചുകൊണ്ട്
കോണ്‍ഗ്രസുമായുള്ള സഹകരണം പൂര്‍ണമായും തള്ളരുതെന്ന് ബംഗാള്‍ ഘടകം നിലപാടെടുത്തു. എന്നാല്‍ കോണ്‍ഗ്രസ്സുമായി സമവായത്തിന് തയ്യാറല്ലെന്ന് പ്രകാശ് കാരാട്ട് വിഭാഗം നിലപാട് കടുപ്പിച്ചു. മതേതര പാര്‍ട്ടികളെ പോലെ കോണ്‍ഗ്രസിനെ കാണാനാവില്ലെന്ന് കാരാട്ട് പക്ഷം വ്യക്തമാക്കി. ഇതോടെ വോട്ടെടുപ്പിന് തയ്യാറാണെന്നും ബംഗാള്‍ ഘടകം വ്യക്തമാക്കിയതായാണ് സൂചന. വി.എസ് അച്യുതാനന്ദനും തോമസ് ഐസക്കും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചു.

യെച്ചൂരിയുടെ നിലപാടിനെ ഇന്നലെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ വി.എസ്. അച്യുതാനന്ദന്‍ പിന്തുണച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുരന്തം ബി.ജെ.പി.യും സംഘപരിവാറും നടത്തുന്ന കടന്നുകയറ്റമാണ്. അതിനെ ചെറുക്കുന്നതിന് ജനാധിപത്യമതേതര ചേരി ശക്തിപ്പെടുത്തണം. ബി.ജെ.പി.യെ സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് ചെറുക്കുകയെന്നതാണ് പാര്‍ട്ടിയുടെ മുന്നിലുള്ള പ്രാഥമിക കടമയെന്നുപറഞ്ഞ് വി.എസ്. യെച്ചൂരിയുടെ നിലപാടിന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.