വാഹനാപകടത്തെ തുടര്‍ന്നു തീപിടിച്ച കാറിനുള്ളില്‍ ഇന്ത്യന്‍ യുവതി വെന്തുമരിച്ചു
പി.പി. ചെറിയാന്
ക്യൂന്‍സ് (ന്യൂയോര്‍ക്ക്): ബ്രൂക്ക്ലിന്‍ -ക്യൂന്‍സ് എക്സ്പ്രസ് ഹൈവേയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു തീപിടിച്ചതിനെ തുടര്‍ന്നു യാത്രാ സീറ്റില്‍ ഇരുന്ന ക്യൂന്‍സില്‍ നിന്നുള്ള ഇന്ത്യന്‍ യുവതി ഹര്ലിന് ഗ്രെവാള്‍ (23) പൊള്ളലേറ്റു മരിച്ചു.
ഒക്ടോബര്‍ 13-നു വെള്ളിയാഴ്ച രാവിലെയായിരുന്നു സഭവം. കാറ്ററിംഗ് കമ്പനിയിലെ ജോലിക്കാരിയായിരുന്ന യുവതി, സെയ്ദ് ഹമീദിന്റെ (25) കാറിലാണ് വീട്ടിലേക്കു പുറപ്പെട്ടത്. അമിത വേഗതയില്‍ കാര്‍ ഓടിച്ചതാണ് അപകടത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. തീ ആളിപ്പടര്‍ന്ന കാറില്‍ നിന്നും ഇറങ്ങി മറ്റൊരു കാറില്‍ സെയ്ദ് ആശുപത്രിയിലേക്കു പോയി.
സെയ്ദ് സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന പോലീസ് ആശുപത്രിയില്‍ വച്ചു കസ്റ്റഡിയില്‍ എടുത്തു. കഴുത്തിനും കൈയ്ക്കും പൊള്ളലേറ്റ സെയ്ദിനെ പോലീസ് മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. അപകടം നടന്ന കാറില്‍ ഉണ്ടായിരുന്ന ഹര്‍ലീനെ തനിയെ വിട്ട് രക്ഷപെട്ടതിനു സെയ്ദിന്റെ പേരില്‍ പോലീസ് നരഹത്യയ്ക്കു കേസെടുത്തു. ഹര്‍ലീന്‍ (നീന) പഞ്ചാബില്‍ നിന്നാണ് അമേരിക്കയില്‍ എത്തിയത്. മറ്റുള്ളവര്‍ക്കുവേണ്ടി എന്തു സഹായവും ചെയ്യുന്നതില്‍ നീന മുമ്പന്തിയിലായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.