താജ് മഹല്‍ ഭാരതീയ സാംസ്‌കാരിക പതൃകത്തിന് കളങ്കം : യുപി ടൂറിസം ലഘുലേഖയില്‍നിന്നും ഒഴിവാക്കി

ഒക്ടോബര്‍ ആദ്യവാരം യുപി ടൂറിസം വകുപ്പ് പുറത്തിറക്കിയ ലഘുലേഖയില്‍ യുപിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഒരു വലിയ പട്ടിക തന്നെയുണ്ട്. ഒട്ടനവധി ഹൈന്ദവ-ബുദ്ധ പൈതൃക കേന്ദ്രങ്ങളും ഇതില്‍ ഉള്‍പെടും. എന്നാല്‍ പട്ടികയില്‍ നിന്നും താജ് മഹലിനെ ഒഴിവാക്കി. ഇതിനെ രാജ്യത്തിനകത്തും പുറത്തുമുള്ള ചരിത്രകാരന്മാരും മാധ്യമങ്ങളും അപലപിച്ചു.

എന്നാല്‍ ബിജെപി നേതാക്കള്‍ വിഭാഗീയ പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട്. ബിജെപി എംഎല്‍എ സംഗീത് സോം ഇന്ന് നടന്ന പാര്‍ട്ടി പൊതുപരിപാടിയില്‍ പ്രസംഗിക്കവേ പറഞ്ഞത് താജ് മഹല്‍ ഭാരതീയ സാംസ്‌കാരിക പതൃകത്തിന് കളങ്കമാണെന്നാണ്. ‘അത് നിര്‍മിച്ച ദേശദ്രോഹികളായ മുഗളന്മാര്‍ ഭാരതത്തിലെ ഹിന്ദുക്കളെ കൊന്നൊടുക്കാന്‍ വന്നവരാണ്, ഭാരതീയ ചരിത്രത്തില്‍ താജ് മഹലിനും മുഗളന്മാര്‍ക്കും ഒരു സ്ഥാനവും ഇല്ല. ഈ ദുഷിച്ച ചരിത്രത്തെ നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളില്‍നിന്നും തുടച്ചു നീക്കി ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശിവാജി മഹാരാജിന്റെയും അടക്കമുള്ള യഥാര്‍ത്ഥ ഭാരത ചരിത്രം രചിക്കാനാണ് നമ്മുടെ സര്‍ക്കാര്‍ ഒരുങ്ങുന്നത്.’ മുസഫ്ഫര്‍ നഗര്‍ കലാപ സമയത്തും ഗോരക്ഷയുടെ പേരിലും നിരവധി വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിട്ടിട്ടുള്ള ബിജെപി നേതാവാണ് സംഗീത് സോം.

‘ലോക മഹാത്ഭുതങ്ങളില്‍ ഒന്ന്, യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്ന്, സ്‌നേഹത്തിന്റെ പ്രതീകം, വിദേശ സഞ്ചാരികളടക്കം ഓരോ വര്‍ഷവും 70 ലക്ഷത്തിലധികം വിനോദ സഞ്ചാരികളെത്തുന്ന ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ വിനോദ സഞ്ചാരകേന്ദ്രം എന്നിങ്ങനെ അനവധി സവിശേഷതകളുള്ള താജ് മഹല്‍. നമ്മുടെ പൈതൃകത്തെ ഇസ്‌ളാമിക പൈതൃകമെന്നും ഹൈന്ദവ പൈതൃകമെന്നും തരം തിരിച്ചുകൊണ്ട് വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി കേവലമായ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്’ എന്ന് എഴുത്തുകാരനായ സൊഹൈല്‍ ഹാഷ്മി പ്രതികരിച്ചു.