യുഡിഎഫ് ഹര്‍ത്താല്‍ തുടരുന്നു; ചിലയിടങ്ങളില്‍ ആക്രമണം, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നു

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയിലും, നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടരുന്നു. രാവിലെ 6 മണിമുതല്‍ വൈകിട്ട് ആറുവരെയാണ് ഹാര്‍ത്തല്‍. കെ.എസ്. ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കംകൂടാതെ നടക്കുന്നുണ്ട്. ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയാണു സര്‍വീസുകള്‍ നടക്കുന്നത്. ഓട്ടോ, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയും നിരത്തിലുണ്ട്.

കൊച്ചി പാലാരിവട്ടത്തും പാലക്കാട് എലപ്പുള്ളിയിലും കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. തൃശൂര്‍ സ്വരാജ് ഗ്രൗണ്ടിനു സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവരെ അറസ്റ്റുചെയ്തു നീക്കിയതു നേരിയ സംഘര്‍ഷത്തിനു കാരണമായി. തിരുവനന്തപുരം പൂവച്ചല്‍, വെളളനാട്, വിതുര എന്നിവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു. കൊല്ലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.

ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നു യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. അക്രമവും പൊതുമുതല്‍ നശിപ്പിക്കലും ഉണ്ടായാല്‍ കര്‍ശനമായി നേരിടും. അക്രമസാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നു നടത്താനിരുന്ന പരീക്ഷകളില്‍ മാറ്റമില്ലെന്നു പി.എസ്.സി അറിയിച്ചു. അതേസമയം, സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.

പരീക്ഷകളില്‍ മാറ്റം
കേരള സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.
* കാലിക്കറ്റ് സര്‍വകലാശാല ഏതാനും പരീക്ഷകള്‍ മാറ്റി. ആറാം സെമസ്റ്റര്‍ ബിടെക്, ബിആര്‍ക്ക് (2004 സ്‌കീം) സപ്ലിമെന്ററി പരീക്ഷ മുപ്പതിലേക്കും ഏഴാം സെമസ്റ്റര്‍ ബിടെക്, പാര്‍ട്ട് ടൈം ബിടെക് (2000 സ്‌കീം) സപ്ലിമെന്ററി പരീക്ഷ ഇരുപത്തിമൂന്നിലേക്കുമാണു മാറ്റിയത്.

*എംജി സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.

* ആരോഗ്യ സര്‍വകലാശാലയുടെ മൂന്നാം വര്‍ഷ ബിഎംഎംഎസ് (2014 പ്രവേശനം) റഗുലര്‍ തിയറി പരീക്ഷ ഒക്ടോബര്‍ ഇരുപത്തൊന്നിലേക്കും മറ്റുള്ള എല്ലാ തിയറി പരീക്ഷകളും നാളേക്കും മാറ്റി പുനഃക്രമീകരിച്ചു. പരീക്ഷാ സമയത്തില്‍ മാറ്റമില്ല.