രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നാലു വിക്കറ്റിന് കേരളം പരാജയപെട്ടു

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോട് നാലു വിക്കറ്റിന് കേരളം പരാജയപെട്ടു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിലാണ് കേരളo പരാജയപ്പെട്ടത്. മോശപ്പെട്ട ബാറ്റിങ് പ്രകടനമാണ് കേരളത്തിന്റെ തോല്‍വിയിലേയ്ക്ക് നയിച്ചത്. രണ്ടാമിന്നിങ്‌സില്‍ കുറച്ചുകൂടി റണ്‍സ് സ്‌കോര്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം സ്വന്തമാക്കാമായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 208 ഉം രണ്ടാമിന്നിങ്‌സില്‍ 203 ഉം റണ്‍സാണ് കേരളത്തിന് നേടാനായത്. ആദ്യ ഇന്നിങ്‌സില്‍ 307 റണ്‍സെടുത്ത് മുന്നേറിയ ഗുജറാത്ത് രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്ത് വിജയം കരസ്ഥമാക്കി. രണ്ടാമിന്നിങ്‌സില്‍ ജയിക്കാന്‍ 105 റണ്‍സായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്.
രണ്ടാമിന്നിങ്‌സില്‍ കേരളത്തിന്റെ സ്പിന്നര്‍മാര്‍ക്കെതിരെ ശരിക്കും കഷ്ടപ്പെട്ടാണ് ഗുജറാത്ത് ലക്ഷ്യം മറികടന്നത്. 42.3 ഓവറിലാണ് അവര്‍ക്ക് ലക്ഷ്യം കാണാനായത്. ഒന്നിന് 22 റണ്‍സ് എന്ന നിലയില്‍ കളിയാരംഭിച്ച കേരളത്തിന് 83 റണ്‍സ് മാത്രമായിരുന്നു അവസാനദിനം വേണ്ടിയിരുന്നത്.
30 റണ്‍സെടുത്ത പി.കെ.പഞ്ചാലാണ് രണ്ടാമിന്നിങ്‌സില്‍ ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. മെറായി 21ഉം ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍ പുറത്താകാതെ 18 ഉം റണ്‍സെടുത്തു. കേരളത്തിനുവേണ്ടി ജലജ് സക്‌സേനയും അക്ഷയ് ചന്ദ്രനും രണ്ട് വിക്കറ്റ് വീതവും സച്ചിന്‍ ബേബി ഒരു വിക്കറ്റും വീഴ്ത്തി.
കേരളത്തിന്റെ രണ്ടാമിന്നിങ്‌സില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും (59) അരുണ്‍ കാര്‍ത്തിക്കിനും (69) മാത്രമാണ് ബാറ്റിങ്ങില്‍ തിളങ്ങാനായത്.