ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

ക്രിക്കറ്റ് ലോകത്തിലേയ്ക്ക് മടങ്ങി വരാം എന്ന മലയാളി താരം ശ്രീശാന്തിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി കോടതി വിധി. ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയത് ചോദ്യം ചെയ്ത് ബി.സി.സി.ഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ ക്രിക്കറ്റിലെ താരത്തിന്റെ ആജീവനാന്ത വിലക്ക് തുടരും. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബി.സി.സി.ഐ.ക്കുവേണ്ടി സി.ഇ.ഒ രാഹുല്‍ ജോഹ്റിയാണ് അപ്പീല്‍ നല്‍കിയത്. അച്ചടക്കസമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരായ ഹര്‍ജി സിംഗിള്‍ബെഞ്ച് പരിഗണിച്ചത് ശരിയായില്ലെന്നാണ് ബി.സി.സി.ഐ ഹൈക്കോടതിയില്‍ വാദിച്ചത്. ഐ.പി.എല്‍. ആറാം സീസണിലെ ഒത്തുകളിവിവാദം അന്വേഷിച്ച അച്ചടക്കസമിതിയാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.ഐപിഎല്‍ കോഴക്കേസില്‍ ആയിരുന്നു ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനാക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ ആയിരുന്നു വിലക്ക് നീക്കാന്‍ ശ്രീശാന്ത് കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ആയിരുന്നു ശ്രീശാന്തിന്റെ വിലക്ക് നീക്കിക്കൊണ്ട് ഉത്തരവിട്ടത്. ഇതിനെതിരെ ബിസിസിഐ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.