അമിത് ഷായുടെ മകന് എതിരെ വാര്‍ത്ത‍ നല്‍കുന്നതിനു മാധ്യമങ്ങള്‍ക്ക് കോടതി വിലക്ക്

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ വാര്‍ത്ത നല്‍കുന്നതിനു മാധ്യമങ്ങള്‍ക്ക് കോടതി വിലക്ക്. ജയ് ഷായുടെ കമ്പനിയുടെ വിറ്റുവരവില്‍ കുറഞ്ഞ കാലയളവില്‍ വന്‍ വളര്‍ച്ചയുണ്ടായെന്നും ഇത് ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷമാണെന്നും ചൂണ്ടിക്കാട്ടി ആദ്യമായി വാര്‍ത്ത‍ നല്‍കിയ ദ വയര്‍ എന്ന മാധ്യമത്തിനാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ദി വയര്‍ പ്രസിദ്ധീകരിച്ച ജയ് ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാര്‍ത്തയുടെ പേരില്‍ തുടര്‍വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ, ടിവി ചര്‍ച്ചയോ, ഡിബേറ്റോ ഒരു ഭാഷയിലും ദി വയര്‍ സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

തനിക്ക് എതിരെ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ ജയ്‌ ഷാ 100 കോടി ആവശ്യപ്പെട്ട് അപകീര്‍ത്തി കേസ് നല്‍കുകയായിരുന്നു. ഈ കേസില്‍ അന്തിമ വിധി വരുന്നതുവരെയാണ് ജയ് ഷായ്‌ക്കെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകിരിക്കുന്നതില്‍ ദ വയറിനെ വിലക്കിയത്. കേസ് ദിപാവലി അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ് ഇപ്പോള്‍. അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഈ ഉത്തരവെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും ദി വയര്‍ അധികൃതര്‍ അറിയിച്ചു. തങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയോ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കാതെ ജയ് ഷായുടെ അഭിഭാഷകന്റെ മാത്രം വാദത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്നും ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ദി വയര്‍ വ്യക്തമാക്കുന്നു. ജയ് ഷായുടെ അഭിഭാഷകന്‍ അയച്ച ഉത്തരവ് തിങ്കളാഴ്ചയാണ് ലഭിച്ചതെന്ന് വയര്‍ പത്രക്കുറിപ്പിലൂടെ വിശദീകരിക്കുന്നു.