താജ്മഹല്‍ നിര്‍മ്മിച്ചത് ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
വിവാദങ്ങള്‍ക്കിടെ യോഗി ആദിത്യനാഥ് അടുത്ത ആഴ്ച താജ്മഹല്‍ സന്ദര്‍ശിക്കും. താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബിജെപി നേതാവ് സംഗീത് സോമിന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് ആദിത്യനാഥിന്റെ താജ്മഹല്‍ സന്ദര്‍ശനം. ഒക്ടോബര്‍ 26ന് ആദിത്യനാഥ് ആഗ്രയിലെത്തും. താജ്മഹലും ആഗ്ര കോട്ടയും അദ്ദേഹം സന്ദര്‍ശിക്കും. ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാണ് അദിത്യനാഥ് സന്ദര്‍ശനം നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ്മഹലിന്റെ പേര് ഉള്‍പ്പെടുത്താത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ സംസ്‌കാരത്തിനാകെ അപമാനമാണ് താജ് മഹല്‍ എന്ന് ബിജെപി എംഎല്‍എ സംഗീത് സോം പ്രസ്താവന നടത്തിയത്. താജ് മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ആരാണ്, എന്തിനുവേണ്ടിയാണ് താജമഹല്‍ നിര്‍മ്മിച്ചത് എന്നത് പ്രസക്തമല്ല. അത് നിര്‍മ്മിക്കപ്പെട്ടത് ഇന്ത്യക്കാരായ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന് ആദിത്യനാഥ് പറഞ്ഞു.