കോടികളുടെ സാമ്പത്തിക ഇടപാട് ; സൗദി അറേബ്യയില്‍ 2000 ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍

റിയാദ് : ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന 2000 ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ നിരീക്ഷണത്തില്‍. വര്‍ഷങ്ങളായി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഇവരുടെ വരുമാനത്തില്‍ ചില സംശയം ഇന്ത്യന്‍ അന്വേഷണ സംഘങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. ദുരൂഹത നിറഞ്ഞ പല ഇടപാടുകളും ഇവര്‍ നടത്തുന്നുണ്ടെന്നാണ് സംശയം. രണ്ടു മാസത്തിനകം എല്ലാ വിവരങ്ങളും സൗദി പോലീസ് ശേഖരിക്കും. തുടര്‍ന്ന് ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രണ്ടായിരത്തോളം ഇന്ത്യക്കാരുടെ എന്‍ആര്‍ഐ അക്കൗണ്ടുകളാണ് സൗദി വാണിജ്യ മന്ത്രാലയം പരിശോധിക്കുന്നത്. ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഇത്രയും അക്കൗണ്ടുകള്‍ പരിശോധിക്കുന്നത്.

ഇന്ത്യന്‍ അന്വേഷണ സംഘം സൗദിക്ക് സംശയമുള്ളവരുടെ നീണ്ട പട്ടിക കൈമാറിയിട്ടുണ്ട്. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സൗദി വാണിജ്യമന്ത്രാലയം സര്‍ക്കുലര്‍ അയച്ചു. ഇത്രയും പേരുടെ വരുമാനമാണ് സൗദി വാണിജ്യമന്ത്രാലയം അന്വേഷിക്കുക. ഇവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച വിശദവിവരങ്ങള്‍ മന്ത്രാലയം തേടിയിട്ടുണ്ട്. ഇവര്‍ നാട്ടിലേക്ക് അയച്ച തുകയുമായി ഇത് ഒത്തുനോക്കും. ഇവരുടെ എന്‍ആര്‍ഐ അക്കൗണ്ട് വഴി വന്‍തുക നാട്ടിലേക്ക് എത്തുന്നതായി ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വരുമാനം അറിയിക്കണമെന്നാണ് സൗദിയുടെ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. വരുമാനത്തില്‍ കവിഞ്ഞ നിക്ഷേപം ഇത്രയും അക്കൗണ്ടുകളില്‍ ഇന്ത്യന്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഈ അക്കൗണ്ടുകളില്‍ സംശയകരമായ ഇടപാടുകള്‍ നടന്നിട്ടുണ്ടത്രെ. ഇന്ത്യന്‍ ധനമന്ത്രാലയം ഈ അക്കൗണ്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകരികയായിരുന്നു.