ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിന് ബെയ്ജിങ്ങില്‍ തുടക്കമായി
ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാ-മത് കോണ്‍ഗ്രസിന് ബെയ്ജിങ്ങില്‍ തുടക്കമായി. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ചൈനയില്‍ പാര്‍ട്ടി സമ്മേളനം ചേരുന്നത്. മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം പൊളിറ്റ് ബ്യൂറോയിലേക്കും പരമോന്നത അധികാര കേന്ദ്രമായ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുമുള്ള അംഗങ്ങളെ തിരഞ്ഞെടുക്കും. പ്രസിഡന്റും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി രണ്ടാംതവണയും സ്ഥാനത്ത് തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭരണഘടനാഭേദഗതിയിലൂടെ പാര്‍ട്ടി ചെയര്‍മാന്‍പദവി പുനഃസ്ഥാപിച്ച് ഷി കൂടുതല്‍ കരുത്തനാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനേതാവായ മാവോ സെ തൂങ്ങടക്കം മൂന്നുപേര്‍ മാത്രമാണ് ചെയര്‍മാന്‍പദവി വഹിച്ചിട്ടുള്ളത്. ചെയര്‍മാന്‍ സ്ഥാനം പുനഃസ്ഥാപിക്കുന്നതോടെ സമാനതകളില്ലാത്ത അധികാരം ലഭിച്ച് ഷി കൂടുതല്‍ കരുത്തനാകും. തുടര്‍ച്ചയായി രണ്ടുതവണയേ പ്രസിഡന്റ് പദവിയില്‍ തുടരാനാവൂ എന്ന ഭരണഘടനാവ്യവസ്ഥ ഇതോടെ ഷിക്ക് മറികടക്കാനാവും.
ഭരണഘടനയില്‍ ഷി ജിന്‍ പിങ്ങിന്റെ പേരില്‍ സിദ്ധാന്തം ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിക്ക് ഈയിടെ കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. ഇതിന് കോണ്‍ഗ്രസില്‍ അന്തിമ അംഗീകാരം നല്‍കും. നേരത്തേ പ്രസിഡന്റ്പദവിയിലിരുന്ന പലരും സ്വന്തം ആശയങ്ങളും സിദ്ധാന്തങ്ങളും ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, മാവോ സേ തൂങ്ങും ഡങ് ഷിയാവോ പിങ്ങും മാത്രമാണ് സ്വന്തം പേര് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.
പാര്‍ട്ടിയുടെ അഴിമതിവിരുദ്ധ വിഭാഗത്തിന്റെ മേധാവിയായ വാങ് ഖ്വിഷാന് പദവിയില്‍ തുടരാന്‍ സമ്മേളനം അനുമതി നല്‍കിയേക്കും. അധികാരക്കസേരയില്‍ 70 വയസ്സ് എന്ന പ്രായപരിധി ഭരണഘടനയില്‍ നിഷ്‌കര്‍ഷിച്ചിരിക്കേയാണ് 69കാരനായ വാങ്ങിന് ഇളവ് നല്‍കുന്നത്. വിശ്വസ്തനായ വാങ്ങിനെ നിലനിര്‍ത്തുന്നതിലൂടെ ഭാവിയില്‍ പ്രായപരിധി മറികടന്ന് അധികാരത്തില്‍ തുടരാനുള്ള മുന്നൊരുക്കമാണ് ഷി ലക്ഷ്യം വക്കുന്നത്.