അപകടത്തില്‍ മരിച്ച ഇന്ത്യന്‍ അമേരിക്കന്‍ യുവതിയുടെ സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍ തിരിമറി നടത്തിയ മുന്‍ മേയര്‍ അറസ്റ്റില്‍

പി.പി. ചെറിയാന്‍

ന്യൂജേഴ്‌സി: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഹൈനല്‍ പട്ടേലിന്റെ പേരില്‍ സ്ഥാപിച്ച സ്‌ക്കോളര്‍ഷിപ്പ് ഫണ്ടില്‍ നിന്നും തുക തിരിമറി നടത്തിയ കുറ്റത്തിന് ന്യൂജേഴ്‌സി സ്‌പോട്ട്‌സ് വുഡ് മുന്‍ മേയര്‍ നിക്കൊളസിന്റെ പേരില്‍ കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു. സ്‌പോട്ട്‌സ് വുഡ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസില്‍ പരിശീലനം അവസാനിപ്പിക്കുന്ന ദിവസം (2015 ജൂലായ് 25) പട്ടേല്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്.

മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനത്തിനായി തയ്യാറെടുക്കുന്നതിനിടെ മരണം പട്ടേലിനെ അപ്രതീക്ഷിതമായി തട്ടിയെടുക്കുകയായിരുന്നു. പട്ടേലിന്റെ പേരില്‍ സ്‌പോട്ട്‌സ് വുഡ് ഹൈസ്‌കൂളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുന്നവര്‍ക്ക് നല്‍കുന്നതിനാണ് സ്‌ക്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നത്. അറ്റ്‌ലാന്റിക്ക് സിറ്റിയില്‍ നടക്കുന്ന ഗാംബ്ലിങ്ങില്‍ പങ്കെടുക്കുന്നതിനാണ് 2016 ജൂണില്‍ മേയര്‍ പണം അടിച്ച് മാറ്റിയത്. നവംബര്‍ 2012 മുതല്‍ ഡിസംബര്‍ 2016 വരെ മേയറായിരുന്നു നിക്കോളസും. മേയറുടെ പേരില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നവംബര്‍ 9 നാണ് അടുത്ത കോര്‍ട്ട് ഹിയറിംഗ്.