ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ‘ദലിത്’, ‘ഹരിജന്‍’ പദങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ‘ദലിത്’, ‘ഹരിജന്‍’ എന്നീ പദങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദലിത്, ഹരിജന്‍ എന്നീ വാക്കുകളുടെ ഉപയോഗം സംബന്ധിച്ച് സര്‍ക്കാര്‍ വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഉത്തരവ് പുറത്തുവന്നത്.

ഇപ്രകാരമാണ് സര്‍ക്കുലര്‍

സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ മുന്‍പാകെ സമര്‍പ്പിച്ച പരാതിയില്‍ ഹരിജന്‍, ദലിത് തുടങ്ങിയ പദങ്ങള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികളെ അവഹേളിക്കുന്ന തരത്തിലാണെന്നും ആയതിനാല്‍ ടി പദങ്ങള്‍ അച്ചടി, ദൃശ്യ ശ്രവ്യ മാധ്യമങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. വകുപ്പ് ഇക്കാര്യം പരിശോധിച്ചു.

ബഹു. കമ്മീഷന്റെ നോട്ടീസ് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ വകുപ്പിന്റെ പ്രതിമാസ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവയിലും മറ്റ് വകുപ്പ് പ്രസിദ്ധീകരണങ്ങളിലും, വകുപ്പുമായി ബന്ധപ്പെട്ട ദൃശ്യ, ശ്രവ്യ പ്രചരണോപാധികളിലും ദലിത്, ഹരിജന്‍ ഗിരിജന്‍ എന്നീ പദങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ് എന്ന് പിആര്‍ഡി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിര്‍ദേശം നല്‍കുന്നു.