നോര്‍ക്ക സേവനങ്ങളുടെ കാലതാമസം ഒഴിവാക്കാനുള്ള നടപടികള്‍ കേരളസര്‍ക്കാര്‍ കൈക്കൊള്ളണം: നവയുഗം സാംസ്കാരികവേദി
അല്‍ഹസ്സ: നോര്‍ക്ക ഐ.ഡി കാര്‍ഡ്, പ്രവാസി ക്ഷേമനിധി മുതലായ സേവനങ്ങള്‍ക്ക് അനാവശ്യമായി കാലതാമസം വരുന്നത് പ്രവാസികളെ പ്രയാസത്തിലാക്കുകയാണെന്നും, ഈ കാലതാമസം ഒഴിവാക്കാനാവശ്യമായ അടിയന്തരനടപടികള്‍ സ്വീകരിയ്ക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറാകണമെന്നും നവയുഗം സാംസ്കാരികവേദി അല്‍ഹസ്സ നാദ യൂണിറ്റ് ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുന്‍പ് രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ ലഭിച്ചിരുന്ന നോര്‍ക്ക ഐഡി കിട്ടാന്‍, ഇപ്പോള്‍ ആറു മാസത്തിലധികം കാത്തിരിയ്ക്കേണ്ട അവസ്ഥയുണ്ട്. മതിയായ ജീവനക്കാരില്ലാത്തതും, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും, അപേക്ഷകരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതും ഒക്കെയാണ് പലപ്പോഴും ഇത്തരം കാലതാമസത്തെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ അധികാരികളുടെ ഭാഗത്തു നിന്നും കിട്ടുന്ന മറുപടി. സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് ഇത്തരം പരിമിതികള്‍ മറികടക്കാന്‍ അടിയന്തരനടപടികള്‍ ഉണ്ടാകണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
യൂണിറ്റ് മെമ്പര്‍ഷിപ്പ് വിതരണം അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി നിര്‍വ്വഹിയ്ക്കുന്നു. നവയുഗം നേതാക്കള്‍ സമീപം.
നാദ യൂണിറ്റ് പ്രസിഡന്റ് കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച ജനറല്‍ ബോഡിയോഗം, നവയുഗം അല്‍ഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈന്‍ കുന്നിക്കോട് ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി മുരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റിലെ ആദ്യമെമ്പര്ഷിപ്പ് വിതരണം മുതിര്‍ന്ന അംഗം തോമസിന് അംഗത്വകാര്‍ഡ് നല്‍കിക്കൊണ്ട് അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി നിര്‍വ്വഹിച്ചു. നോര്‍ക്ക-ക്ഷേമനിധി പ്രവര്‍ത്തനങ്ങളെക്കുറിച്ച് നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് രാജീവ് ചവറ വിശദീകരിച്ചു. യൂണിറ്റ് രക്ഷാധികാരി ജയകുമാര്‍, സജി എന്നിവര്‍ ആശംസപ്രസംഗം നടത്തി. യൂണിറ്റ് ജോയിന്റ് സെക്രെട്ടറി തോമസ് കൃതജ്ഞത രേഖപ്പെടുത്തി.