അമേരിക്കയില്‍ വീണ്ടും വെടിവെപ്പ് അഞ്ചുപേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ ഉണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള എഡ്ജ് വുഡിലെ ഇമ്മോര്‍ട്ടണ്‍ ബിസിനസ് പാര്‍ക്കില്‍ ബുധനാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്. 37 കാരനായ റാഡീ ലബീബ് പ്രിന്‍സ് ആണ് വെടിവെപ്പ് നടത്തിയത്. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. അതേസമയം അക്രമ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ര​ണ്ടു പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണം നടത്തിയ ആളിന്റെ സഹപ്രവര്‍ത്തകരാണ് ആക്രമണത്തിനിരയായത്.

ആക്രമണത്തിന് ശേഷം രക്ഷപെട്ട ലബീബ് പ്രിന്‍സിനായി തെരച്ചില്‍ തുടരുകയാണ് എന്ന് പൊലീസ് അറിയിച്ചു. പോലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്. സോഷ്യല്‍ മീഡിയ വഴി ഇയാള്‍ക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് പ്രചരിപ്പിക്കുന്നുണ്ട്. ഇയാള്‍ ആയുധധാരിയും അപകടകാരിയും ആണെന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നു. ഈ മാസം ഒന്നിന്‌ അമേരിക്കയിലെ ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രമായ മാന്‍ഡലേ ബേ റിസോര്‍ട്ടിലും കാസിനോയിലുമായി നടന്ന വെടിവെയ്പ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.