‘നിങ്ങള്‍ വാഗ്ദാനം ചെയ്ത നല്ല നാളുകളുടെ ദീപാവലി എവിടെ’; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവ സേന
മുംബൈ: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. ദീപാവലി വന്നു പോകുമെന്നും എന്നാല്‍ രാജ്യത്തെ സാമ്പത്തിക പിന്നോക്കാവസ്ഥ എന്നു തീരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നു ശിവസേന
കേന്ദ്ര സര്‍ക്കാരിനോട് ആരായുന്നു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെഴുതിയ മുഖപ്രസംഗത്തിലാണ് കേന്ദ്രസര്‍ക്കാരിനുനേരെ കടുത്ത വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്.
കേന്ദ്രസര്‍ക്കാര്‍ വരുമെന്നു പറഞ്ഞ നല്ല നാളുകളുടെ (അച്ഛേ ദിന്‍) ദീപാവലി എവിടെ? ജിഎസ്ടി, നോട്ടു നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ജനങ്ങള്‍ തയാറാകണമെന്നും സാമ്‌നയിലൂടെ ശിവസേന ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് തെറ്റായ സന്ദേശമാണ് നിലവില്‍ പ്രചരിപ്പിക്കുന്നത്. നോട്ടു നിരോധനത്തിന്റെ ദുരിതങ്ങള്‍ വീണ്ടും വരാതിരിക്കാനും സമ്പാദിച്ച പണം നഷ്ടപ്പെടാതിരിക്കാനും ലക്ഷ്മി പൂജയില്‍ ജനങ്ങള്‍ പ്രാര്‍ത്ഥിക്കണം.
കര്‍ഷക ആത്മഹത്യകള്‍ക്ക് എന്തുകൊണ്ട് അവസാനം ഉണ്ടാകുന്നില്ല, കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ണമായും ഇല്ലാതാക്കിയ ലോഡ് ഷെഡിങ് തിരിച്ചു വന്നതെങ്ങനെ? എന്തുകൊണ്ടാണ് രാജ്യത്ത് വ്യവസായങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുന്നത്? തൊഴിലില്ലായ്മ വര്‍ധിച്ചുകൊണ്ടിരിക്കുന്നതെങ്ങനെയാണ്? -മുഖപ്രസംഗത്തിലൂടെ ശിവസേന ചോദിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പല പദ്ധതികളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ശിവസേനയുടെ മുഖ പ്രസംഗം എത്തിയിരിക്കുന്നത്.