ഡല്‍ഹിയില്‍ യുവഗായികയെ ഗുണ്ടകള്‍ വെടിവെച്ചുകൊന്നു
പാനിപ്പത്ത് : ഡല്‍ഹിയില്‍ യുവ ഫോക്ക് ഗായിക ഗുണ്ടകളുടെ വെടിയേറ്റു മരിച്ചു. 22 കാരിയായ ഹര്‍ഷിത ദഹിയയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹത്തില്‍ നിന്ന് എട്ട് വെടിയുണ്ടകള്‍ കണ്ടെത്തി. ഹരിയാന ഫോക്ക് ഗായികയായ ഹര്‍ഷിത പാനപ്പത്തില്‍ പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുമ്പോള്‍ കറുത്ത കാറിലെത്തിയ നാലംഗ സംഘം കാര്‍ തടഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു. ഹര്‍ഷിത് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ഡ്രൈവറും മറ്റൊരു ഗായികയും സുരക്ഷിതരാണ്. അതേസമയം ഗായികയുടെ സഹോദരിയുടെ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. അമ്മയുടെ കൊലപാതക കേസിലെ മുഖ്യ സാക്ഷിയാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ഹര്‍ഷിത ദഹിയ. ഇവരുടെ അമ്മയെ കൊന്ന കേസില്‍ ഗുണ്ടാസംഘത്തലവനും ഹര്‍ഷിതയുടെ സഹോദരി ലതയുടെ ഭര്‍ത്താവുമായ ദിനേഷ് ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്.
ഹര്‍ഷിതയെ പീഡിപ്പിക്കുകയും അമ്മയെ കൊലപ്പെടുത്തി എന്നുമായിരുന്നു ഇയാള്‍ക്കെതിരെയുള്ള കേസ്. അമ്മയുടെ കൊലപാതകത്തില്‍ ഏക സാക്ഷിയായിരുന്നു ഹര്‍ഷിതയെന്നും തന്റെ ഭര്‍ത്താവാണ് ഹര്‍ഷിതയുടെ കൊലപാതകത്തിന് പിന്നിലെന്നും സഹോദരി ലത പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നര്‍ത്തകി കൂടിയായ ഹര്‍ഷിത ഹരിയാന്‍വി രാഗിണി ഗാനങ്ങളിലൂടെയായിരുന്നു മുഖ്യധാരയിലേക്കെത്തിയത്. അതുപോലെ ഗുണ്ടാ സംഘങ്ങളുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ഹര്‍ഷിതയ്ക്ക് നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നു. ഗുണ്ടാ സംഗങ്ങളെ വെല്ലുവിളിക്കുന്ന വീഡിയോ ഹര്‍ഷിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നിങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യൂ.. എനിക്ക് മരണത്തെ ഭയമില്ല ഇങ്ങനെ ആയിരുന്നു ഹര്‍ഷിതയുടെ ഫേസ്ബുക്ക് പോസ്റ്റ്. വധഭീഷണിയുള്ള വിവരം പൊലീസിനെയും ഇവര്‍ അറിയിച്ചിരുന്നില്ല.